മുംബൈ: മഹാഭൂരിപക്ഷത്തില്‍ മഹാരാഷ്ട്രയില്‍ അധികാരം നേടിയ മഹായൂതി സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം. മുഖ്യമന്ത്രി പദവി രണ്ടര വര്‍ഷം വീതം പങ്കിടണമെന്നാണ് ഏക്നാഥ് ഷിന്‍ഡേ വിഭാഗത്തിന്റെ ആവശ്യം. ആദ്യ ടേം തങ്ങള്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ 288 അംഗ നിയമസഭയില്‍ സ്വന്തമായി കേവല ഭൂരിപക്ഷത്തോടടുത്ത 132 സീറ്റുള്ള ബിജെപി, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തീരുമാനിച്ചിട്ടുള്ളത്.
സഖ്യത്തില്‍ 57 സീറ്റുള്ള ഷിന്‍ഡേ വിഭാഗത്തിന് മുഖ്യമന്ത്രി സ്ഥാനം ചോദിക്കാന്‍ അവകാശമില്ലെന്ന വിലയിരുത്തലാണ് ബിജെപി നേതൃത്വത്തിനുള്ളത്. മാത്രമല്ല എന്‍സിപി നേതാവ് അജിത് പവാറിന്റെ പിന്തുണയും ഫഡ്നാവിസിനുണ്ട്.
മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷമായി പങ്കുവെക്കണമെന്ന് ഏക്നാഥ് ഷിന്‍ഡേ ആവശ്യപ്പെട്ട സാഹചര്യത്തില്‍ മുന്നണിയിലെ പ്രമുഖ നേതാക്കളായ ദേവേന്ദ്ര ഫഡ്നാവിസ്, ഏക്നാഥ് ഷിന്‍ഡേ, അജിത് പവാര്‍ എന്നിവര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക.
മഹാരാഷ്ട്ര എന്‍സിപി എംഎല്‍എമാര്‍ അജിത് പവാറിനെയും ശിവസേന എംഎല്‍എമാര്‍ ഏക്‌നാഥ് ഷിന്‍ഡേയെയും അതത് പാര്‍ട്ടികളുടെ നിയമസഭാ കക്ഷിനേതാക്കളായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. ബിജെപി നേതാവിനെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ അറിയിച്ചത്.
ഫഡ്‌നവിസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവസേനയെ പിളര്‍ത്തി വന്ന ഷിന്‍ഡേയെ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിച്ചത് അന്നത്തെ പ്രത്യേക സാഹചര്യത്തിലാണെന്നും ഇനിയും അവസരം നല്‍കേണ്ടതില്ലെന്നുമാണ് സംസ്ഥാന ബിജെപി നേതാക്കളുടെ നിലപാട്.
മുഖ്യമന്ത്രിയായി സംസ്ഥാന നേതൃത്വത്തിന് ദേവേന്ദ്ര ഫഡ്‌നവിസിന്റെ പേരു മാത്രമേ നിര്‍ദേശിക്കാനുള്ളൂവെന്ന് ബവന്‍കുലെ വ്യക്തമാക്കി.
നിയമസഭയിലെ കക്ഷിനില:
ബിജെപി-132, ശിവസേന-57, എന്‍സിപി- 41, ശിവസേന (യുബിടി)- 20, കോണ്‍ഗ്രസ്-16, എന്‍സിപി (എസ്.പി) 10, സമാജ് വാദി പാര്‍ട്ടി-2, ജന്‍ സുരാജ്യ ശക്തി-2, രാഷ്ട്രീയ യുവ സ്വാഭിമാനി പാര്‍ട്ടി -1, രാഷ്ട്രീയ സമാജ് പക്ഷ -1, എഐഎംഐഎം-1, സിപിഎം-1, പിഡബ്ല്യുപി-1, സ്വതന്ത്രര്‍-2.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.