ജീവിതത്തിലേക്ക് പ്രത്യാശയും വെളിച്ചവും കൊണ്ടുവരുന്ന ക്രിസ്തുവിന്റെ സ്വരത്തിനായി കാതോര്‍ക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

ജീവിതത്തിലേക്ക് പ്രത്യാശയും വെളിച്ചവും കൊണ്ടുവരുന്ന ക്രിസ്തുവിന്റെ സ്വരത്തിനായി കാതോര്‍ക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: തന്നെത്തന്നെ എല്ലാവരുടെയും ദാസനാക്കുകയും നമ്മുടെ ജീവിതങ്ങളിലേക്ക് പ്രത്യാശയും വെളിച്ചവും കൊണ്ടുവരികയും ചെയ്യുന്ന പ്രപഞ്ച രാജാവായ ക്രിസ്തുവിന്റെ സ്വരത്തിനായി വിശ്വാസികള്‍ ഏവരും കാതോര്‍ക്കണമെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.

ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിനമായി ആഘോഷിച്ച ഞായറാഴ്ച, ത്രികാല പ്രാര്‍ത്ഥനയ്ക്ക് ഒരുക്കമായി വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പ. യോഹന്നാന്റെ സുവിശേഷത്തില്‍ നിന്നുള്ള വായനയെ (യോഹന്നാന്‍ 18:33-37) ആസ്പദമാക്കിയാണ് പരിശുദ്ധ പിതാവ് ധ്യാനചിന്തകള്‍ പങ്കുവച്ചത്. ക്രിസ്തുവിന്റെ രാജത്വത്തെ പൂര്‍ണ്ണഹൃദയത്തോടെ അംഗീകരിക്കാനുള്ള ക്ഷണമാണ് ഈ സുവിശേഷ ഭാഗത്ത് നാം കാണുന്നതെന്ന് പാപ്പാ പറഞ്ഞു.

മരണശിക്ഷയ്ക്ക് വിധിക്കണമെന്ന് ആവശ്യപ്പെട്ട് യഹൂദര്‍ യേശുവിനെ പന്തിയോസ് പീലാത്തോസിന് ഏല്‍പ്പിച്ചു കൊടുക്കുന്ന രംഗമാണ് വായനയില്‍ അവതരിപ്പിച്ചിരിക്കുന്നത്. യേശുവും പീലാത്തോസും തമ്മില്‍ നടന്ന ഹ്രസ്വമായ സംഭാഷണത്തില്‍ 'രാജാവ്' 'ലോകം' എന്നീ രണ്ടു വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥം കൈവരുന്നതായി പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു.

'പ്രജകളെയെല്ലാം അടക്കിഭരിക്കുന്ന ഒരു പരാമാധികാരി' - ഇതായിരുന്നു പീലാത്തോസിന്റെ രാജാവിനെക്കുറിച്ചുള്ള സങ്കല്‍പം. തന്റെ മുമ്പില്‍ നില്‍ക്കുന്ന ഈ മനുഷ്യന്‍ തനിക്ക് ഒരു ഭീഷണിയാകുമോ എന്ന് മനസിലാക്കാനാണ് റോമാ സാമ്രാജ്യത്തിലെ ഒരു ഉദ്യോഗസ്ഥനായ അയാള്‍ യേശുവിനെ ചോദ്യം ചെയ്തത്. മറുപടിയായി, താനൊരു രാജാവാണെന്ന് യേശു ഉറപ്പിച്ചുപറയുന്നു. എന്നാല്‍ അവിടുത്തെ രാജ്യം പീലാത്തോസ് മനസിലാക്കിയിരുന്നതില്‍നിന്ന് വ്യത്യസ്തമായ ഒരു രാജ്യമായിരുന്നു.

യേശു രാജാവാണ്

'സത്യം പറയുന്ന, സത്യത്തിന് സാക്ഷ്യം വഹിക്കാന്‍ വന്ന രാജാവാണ് ഞാന്‍' എന്നാണ് യേശു മറുപടി പറഞ്ഞത്. വചനം മാംസമായി അവതരിച്ചവനായ യേശുവിന്റെ രാജകീയ അധികാരം, ലോകത്തെ മാറ്റിമറിക്കാന്‍ തക്ക പ്രാഭവമുള്ള അവിടുത്തെ സത്യവചനത്തിലാണ് അടങ്ങിയിരിക്കുന്നത്.

യേശുവിന്റെ രാജ്യം ഐഹികമല്ല

ബലവാന്മാര്‍ ബലഹീനരെയും സമ്പന്നര്‍ ദരിദ്രരെയും അക്രമികള്‍ വിനീതരെയും കീഴ്‌പ്പെടുത്തുന്ന ഈ ലോകത്തിലെ രാജ്യത്തെപ്പറ്റി മാത്രമായിരുന്നു പീലാത്തോസിന് അറിയാമായിരുന്നത്. എന്നാല്‍ യേശുവിന്റെ രാജ്യം ഐഹികമല്ല. താന്‍ ജീവന്‍ നല്‍കി രക്ഷിച്ച എല്ലാവര്‍ക്കുമായി ദൈവം ഒരുക്കിയിരിക്കുന്ന പുതിയതും നിത്യം നിലനില്‍ക്കുന്നതുമായ ഒരു രാജ്യമാണ് അത്. കൃപയും സത്യവും പകര്‍ന്നുനല്‍കി, ക്രിസ്തു ഭൂമിയിലേക്ക് കൊണ്ടുവന്നത് സ്വര്‍ഗരാജ്യമാണ്. യേശു നമ്മെ വിമോചിപ്പിക്കുന്നു, നമ്മോട് ക്ഷമിക്കുന്നു, നമുക്ക് നീതിയും സമാധാനവും പ്രദാനം ചെയ്യുന്നു - മാര്‍പാപ്പ വിശദീകരിച്ചു.

കര്‍ത്താവിനെ ശ്രദ്ധയോടെ കേള്‍ക്കുക

വളരെ അടുത്തു നിന്നാണ് യേശു പീലാത്തോസിനോട് സംസാരിച്ചത്. എങ്കിലും, അയാള്‍ വേറൊരു ലോകത്തില്‍ വസിക്കുന്നവനെപ്പോലെ യേശുവില്‍നിന്ന് അകലെയായിരുന്നു. സത്യം സ്വന്തം കണ്‍മുമ്പില്‍ ഉണ്ടായിരുന്നിട്ടും അത് സ്വീകരിക്കാനായി അയാള്‍ ഹൃദയം തുറന്നില്ല. അയാള്‍ യേശുവിനെ കുരിശുമരണത്തിന് വിട്ടുകൊടുത്തു. 'യഹൂദരുടെ രാജാവ്' എന്ന ലിഖിതം, അതിന്റെ അര്‍ത്ഥം മനസിലാക്കാതെ കുരിശില്‍ എഴുതിവയ്ക്കാന്‍ ഉത്തരവിടുകയും ചെയ്തു.

ക്രിസ്തു നമ്മുടെ ലോകത്തിലേക്ക് വന്നു

ക്രിസ്തു ലോകത്തിലേക്കു വന്നു, അതെ, നമ്മള്‍ അധിവസിക്കുന്ന ഈ ലോകത്തിലേക്കു തന്നെ. സത്യത്തിനുള്ളവര്‍, നമ്മെ വീണ്ടെടുത്ത പ്രപഞ്ചരാജാവായ അവിടുത്തെ സ്വരം ശ്രവിക്കുന്നു. കര്‍ത്താവിന്റെ സ്വരം നമ്മുടെ ഹൃദയങ്ങളിലേക്കും ജീവിതങ്ങളിലേക്കും വെളിച്ചം കൊണ്ടുവരുന്നു. 'എപ്പോഴും ക്ഷമിക്കുന്ന ദൈവത്തിന്റെ കരുണാര്‍ദ്രമായ മുഖമാണോ യേശുവില്‍ നാം കാണുന്നത്? അവിടുത്തെ വചനമാണോ നമ്മുടെ വഴികാട്ടി?' - ഈ ചോദ്യങ്ങള്‍ ഓരോ ക്രൈസ്തവനും സ്വയം ചോദിക്കണമെന്ന് മാര്‍പാപ്പ പറഞ്ഞു.

ദൈവരാജ്യത്തെ പ്രത്യാശയോടെ കാത്തിരിക്കുന്നവരായ നമുക്കൊരുമിച്ച് കര്‍ത്താവിന്റെ ദാസിയായ പരിശുദ്ധ മറിയത്തോടൊപ്പം പ്രാര്‍ത്ഥിക്കാം എന്ന ആഹ്വാനത്തോടെ പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.