കാന്‍ബറ: പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കുന്ന ബില്‍ ഓസ്ട്രേലിയന്‍ സെനറ്റും പാസാക്കി. 19നെതിരേ 34 വോട്ടുകള്‍ക്കാണ് സെനറ്റ് ബില്‍ പാസാക്കിയത്. വൈകാതെ തന്നെ ഈ ബില്‍ നിയമമാകും. ലോകത്ത് തന്നെ ആദ്യമായാണ് ഒരു രാജ്യം 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്നത്.
ബുധനാഴ്ചയാണ് ഓസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് ബില്‍ പാസാക്കിയത്. വ്യാഴാഴ്ചയാണ് ഉപരിസഭയായ സെനറ്റില്‍ ബില്‍ പാസായത്. കുട്ടികളിലെ സമൂഹ മാധ്യമങ്ങളുടെ അമിതമായ ഉപയോഗം രക്ഷിതാക്കളുടെ വലിയ ആശങ്കകളില്‍ ഒന്നാണ്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ നീക്കത്തിന് ഏറ്റവും വലിയ പിന്തുണ ലഭിച്ചത് രക്ഷിതാക്കളില്‍ നിന്നാണ്.
ടിക് ടോക്ക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്സ്, ഇന്‍സ്റ്റാഗ്രാം എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകളില്‍ 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് അക്കൗണ്ടുകള്‍ പാടില്ലെന്ന് നിയമ ഭേദഗതി വ്യക്തമാക്കുന്നു. കുട്ടികള്‍ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നത് തടയുന്നതിന് ടെക് കമ്പനികള്‍ തന്നെ സുരക്ഷാ നടപടികള്‍ കൈക്കൊള്ളണം. കുട്ടികള്‍ അക്കൗണ്ടുകള്‍ കൈവശം വയ്ക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടാല്‍ 50 മില്ല്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ (27.88 കോടി രൂപ) പിഴയൊടുക്കണം.
ബുധനാഴ്ച ജനപ്രതിനിധി സഭ 13നെതിരേ 102 വോട്ടുകള്‍ക്ക് ബില്‍ പാസാക്കിയിരുന്നു. സെനറ്റില്‍ പ്രതിപക്ഷം മുന്നോട്ട് വെച്ച ഭേദഗതികള്‍ സഭ ഇതുവരെയും അംഗീകരിച്ചിട്ടില്ല. എന്നാല്‍ നിയമം പാസാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പിഴ ചുമത്തുന്നതിന് മുമ്പ് നിരോധനം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് ഒരു വര്‍ഷം സമയം അനുവദിക്കും. വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച സംരക്ഷണം ശക്തിപ്പെടുത്തുന്നതാണ് ഭേദഗതികള്‍. പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകള്‍ നല്‍കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിക്കാന്‍ പ്ലാറ്റ്ഫോമുകളെ അനുവദിക്കുകയില്ല.
കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുമ്പോള്‍ 16 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ കൈമാറേണ്ടി വരും. ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് നിയമനിര്‍മാണത്തെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം നിയമത്തില്‍ വാട്സ് ആപ്പിനും യൂട്യൂബിനും ഇളവനുവദിച്ചേക്കാമെന്നാണ് വിവരം. പഠനകാര്യങ്ങള്‍ക്ക് ഇവ രണ്ടും ഇപ്പോള്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്നത് കണക്കിലെടുത്താണ് ഇളവനുവദിച്ചേക്കുക. അതേസമയം ഓസ്ട്രേലിയയില്‍ നിയമം എങ്ങനെ നടപ്പാക്കുന്നു എന്നറിയാന്‍ മറ്റ് രാജ്യങ്ങള്‍ക്കും താത്പര്യമുണ്ട്. മിക്ക രാജ്യങ്ങളിലും പ്രായപൂര്‍ത്തി ആകാത്തവര്‍ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്
ഈ നിയമനിര്‍മാണത്തിന്റെ ലക്ഷ്യം ലളിതമാണെന്ന് പ്രതിപക്ഷ സെനറ്റര്‍ മരിയ കൊവാസിക് പറഞ്ഞു. 'പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും നീക്കം ചെയ്യുന്നതിനും സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ ന്യായമായ നടപടികള്‍ കൈക്കൊള്ളണമെന്ന് നിയമം ആവശ്യപ്പെടുന്നു. ഈ കമ്പനികള്‍ വളരെക്കാലം മുമ്പ് നിറവേറ്റേണ്ട ഒരു ഉത്തരവാദിത്വമാണിത്. എന്നാല്‍, ലാഭം പ്രതീക്ഷിച്ച് അവര്‍ ഈ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയിരിക്കുകയായിരുന്നു' - അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓണ്‍ലൈന്‍ സുരക്ഷയ്ക്ക് വേണ്ടി വാദിക്കുന്ന സോന്യ റയാന്‍ ബില്‍ പാസാക്കിയതിനെ അഭിനന്ദിച്ചു. റയാന്റെ 15 വയസുള്ള മകള്‍ കാര്‍ലിയെ 50 വയസുള്ള ഒരാള്‍ കൊലപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ കൗമാരക്കാരിയെന്ന് പരിചയപ്പെടുത്തിയ ആളാണ് കൊലപാതകം നടത്തിയത്. 'എന്റെ മകള്‍ കാര്‍ലിക്കും ഓസ്ട്രേലിയയില്‍ ഓണ്‍ലൈന്‍ ചൂഷണം മൂലം ദുരിതം അനുഭവിച്ചവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും മറ്റ് നിരവധി കുട്ടികള്‍ക്കും വേണ്ടി ഈ നിയമത്തെ ഒരുമിച്ച് നിന്ന് സ്വീകരിക്കാമെന്ന് അവര്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിനോട് പ്രതികരിച്ചു. കുട്ടികളെ ഓണ്‍ലൈനിലെ ഭയാനകമായ ഉപദ്രവങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള അവിസ്മരണീയമായ നിമിഷം എന്നാണ് സെനറ്റിലെ വോട്ടെടുപ്പിനെ അവര്‍ വിശേഷിപ്പിച്ചത്.
അഭിനന്ദിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
കുട്ടികള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ബില്ലിനെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി.
കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന കൊടുക്കുന്നതില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും കുട്ടികളില്‍ ഇതിന്റെ ദോഷഫലങ്ങളുടെ സ്വാധീനം കുറയ്ക്കാനാകുമെന്നും അല്‍ബനീസി പറയുന്നു. ' ഇത് ശരിയായ തീരുമാനമാണെന്ന് ഉത്തമമായ ബോധ്യമുണ്ട്. ഈ നിയമം നടപ്പാക്കുന്നതിന് വേണ്ടി ഞങ്ങള്‍ക്ക് വലിയ രീതിയില്‍ പിന്തുണ ലഭിച്ചു, പ്രത്യേകിച്ച് മാതാപിതാക്കളില്‍ നിന്ന്. കുട്ടികളുടെ സുരക്ഷയ്ക്കാണ് നിയമം മുന്‍ഗണന കൊടുക്കുന്നതെന്നും' അദ്ദേഹം പറഞ്ഞു.
ഭരണ-പ്രതിപക്ഷ പിന്തുണയോടെയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.