വരുമാനം കുറച്ചു കാണിച്ചു; സൗബിന്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്

വരുമാനം കുറച്ചു കാണിച്ചു; സൗബിന്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്

കൊച്ചി: നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന് സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിവരശേഖരണം നടത്തിയപ്പോഴാണ് നികുതിവെട്ടിപ്പ് കണ്ടെത്തിയത്. താരം വരുമാനം കുറച്ചു കാണിച്ചതായി ആദായനികുതി വകുപ്പ് വ്യക്തമാക്കി. അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സൗബിന്റെ പറവ ഫിലിംസില്‍ ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്ത്, റോഡ് വേ വാഹന വില്‍പന സ്ഥാപനത്തിന്റെ ഉടമ നജത്ത് എന്നിവര്‍ക്ക് നിക്ഷേപമുണ്ടെന്നും കണ്ടെത്തി. ഇവരെ കേന്ദ്രീകരിച്ചും ആദായ നികുതി വകുപ്പ് അന്വേഷണം നടത്തും. മഞ്ഞുമ്മല്‍ ബോയ്സ് മാത്രം കേന്ദ്രീകരിച്ചല്ല അന്വേഷണം നടക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നേരത്തെ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് നിര്‍മാണ കമ്പനിയില്‍ 60 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് സൗബിന്‍ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും.

പറവ ഫിലിംസിന്റെ ഓഫീസില്‍ രാത്രി വൈകുവോളം നീണ്ട പരിശോധനയില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. സിനിമ നിര്‍മാണത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്നാണ് സൗബിനെതിരെയുള്ള ആരോപണം.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിര്‍മാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥര്‍ പ്രധാനമായും പരിശോധിച്ചത്. ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല, കണക്കുകള്‍ മറച്ചുവെച്ചു എന്നുമാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും പരിശോധന നടത്തുന്നുണ്ട്.

സിനിമാ മേഖലയില്‍ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നേരത്തേ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം നടത്തി വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.