കൊച്ചി: ഫ്രാൻസിസ് മാർപാപ്പയുടെ ചാക്രിക ലേഖനമായ 'ദിലെക്സിത്ത് നോസ്'ന്റെ മലയാള പരിഭാഷ 'അവിടുന്ന് നമ്മെ സ്നേഹിച്ചു' പ്രസിദ്ധീകരിച്ചു. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭാ മേലധ്യക്ഷനുമായ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രകാശനം ചെയ്തു. ഒ.സി.ഡി മലബാർ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ ഫാദർ പീറ്റർ ചക്യത്ത് ഒ.സി.ഡി, പരിഭാഷകനും കാർമൽ പബ്ലിഷ് ഹൗസിന്റെ ഡയറക്ടറുമായ ഫാ. ജെയിംസ് ആലക്കുഴിയിൽ ഒ.സി. ഡി, ഫാദർ തോമസ് കുരിശിങ്കൽ ഒ.സി.ഡി എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
ലോകം വിവിധ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ മനുഷ്യൻ്റെ കാഴ്ചപ്പാടുകളിൽ വരുത്തേണ്ട മാറ്റങ്ങളിലേക്കാണ് ഈ ചാക്രികലേഖനത്തിലൂടെ പാപ്പാ ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നത്.
'ഹൃദയം നഷ്ടപ്പെട്ടു എന്നു തോന്നുന്ന' വിധമുള്ള ഒരു അവസ്ഥയിലാണ് ഇന്നത്തെ ലോകം. മനുഷ്യ പ്രകൃതത്തിന് തന്നെ ഭീഷണിയായി തീർന്ന ചില സാങ്കേതികവിദ്യകൾ, യുദ്ധങ്ങൾ, സാമൂഹികവും സാമ്പത്തികവുമായ അസന്തുലിതാവസ്ഥകൾ, വ്യാപകമായ ഉപഭോഗസംസ്കാരം എന്നിവയാൽ ലോകം അത്യന്തം വ്രണിതമായിരിക്കുന്നു. ഈ സാഹചര്യത്തിൽ, ഏറ്റവും അത്യാവശ്യയത് യേശുവിന്റെ തിരുഹൃദയം ആണെന്നും അത് വീണ്ടും കണ്ടെത്തണമെന്നുമാണ് ഈ രേഖയിലൂടെ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നത്.
സഭയുടെ മുൻകാല പ്രബോധനങ്ങളും വിശുദ്ധ ലിഖിതങ്ങളെ അടിസ്ഥാനമാക്കിയുള്ള സമ്പന്നമായ പാരമ്പര്യങ്ങളും ഈ ചാക്രികലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുവഴി തിരുഹൃദയത്തോടുള്ള തീക്ഷ്ണമായ ഭക്തിയിലൂടെ ആഴമായ ആത്മീയതയിലേക്ക് സഭയെ വീണ്ടും നയിക്കുക എന്നതാണ് തൻ്റെ ആഗ്രഹം എന്നും പാപ്പാ പറഞ്ഞിരുന്നു.
വിശ്വാസത്തിന്റെ വെളിച്ചം(ലുമെൻ ഫിഡെ)(2013), അങ്ങേയ്ക്ക് സ്തുതി (ലൊദാത്തോ സി)(2015) നാം സോദരർ (ഫ്രത്തെല്ലി തൂത്തി) (2020) എന്നിവയാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഇതര ചാക്രിക ലേഖനങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.