കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണം; പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘം ഇന്ന് റോമിലേക്ക്

കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണം; പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘം ഇന്ന് റോമിലേക്ക്

കൊച്ചി: കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘം ഇന്ന് റോമിലേക്ക് പുറപ്പെടും. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫ്, ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി, ബിജെപി ദേശീയ വക്താവ് ടോം വടക്കന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, രാജ്യസഭാംഗമായ ഡോ. സത്നാം സിങ് സന്ധു എന്നിവരാണ് പ്രതിനിധി സംഘത്തില്‍ ഉള്ളത്.

ഏഴാം തിയതി വൈകുന്നേരമാണ് റോമില്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും പ്രധാനമന്ത്രിയുടെ പ്രത്യേക സംഘം കൂടിക്കാഴ്ച നടക്കും. പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിനിധികളായാണ് വത്തിക്കാനിലേക്ക് പോകുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ക്രൈസ്തവ സമൂഹത്തിനും മലയാളികള്‍ക്കും അഭിമാനകരമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാനാണ് വത്തിക്കാനിലേക്കുള്ള യാത്രയെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്ന് ഒരു കര്‍ദ്ദിനാള്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങിനെ വളരെയേറെ പ്രാധാന്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കാണുന്നു എന്നതാണ് പ്രത്യേക പ്രതിനിധി സംഘത്തെ അയക്കുന്നതിലൂടെ വ്യക്തമാകുന്നതെന്ന് അനൂപ് ആന്റണി പറഞ്ഞു. പ്രധാനമന്ത്രി തന്നെയാണ് സംഘത്തെ വത്തിക്കാനിലേക്ക് അയക്കാനുള്ള തീരുമാനം എടുത്തത്. മലയാളികള്‍ക്കും കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനും അഭിമാനിക്കാനാവുന്ന മുഹൂര്‍ത്തമാണിതെന്നും അനൂപ് ആന്റണി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.