നവീന്‍ ബാബുവിന്റെ മരണം: അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ; വേണ്ടെന്ന് സര്‍ക്കാര്‍, ഹര്‍ജി 12 ന് വീണ്ടും പരിഗണിക്കും

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണത്തിന് തയ്യാറെന്ന് സിബിഐ; വേണ്ടെന്ന് സര്‍ക്കാര്‍, ഹര്‍ജി 12 ന് വീണ്ടും പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന് ഹൈക്കോടതി ചോദിച്ചപ്പോഴാണ് സിബിഐ സമ്മതം അറിയിച്ചത്.

കോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാമെന്ന് സിബിഐ വ്യക്തമാക്കി. ഹര്‍ജി ഈ മാസം 12 ന് വീണ്ടും പരിഗണിക്കും. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്‍കും. സര്‍ക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് സിബിഐ 12 ന്് മറുപടി നല്‍കും.

പൊലീസ് അന്വേഷണം ശരിയായ ദിശയിലാണന്നും നവീന്റെ കുടുംബത്തെ വിശ്വാസത്തിലെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. സിബിഐ അന്വേഷണമാവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജി നല്‍കിയത്. ഭര്‍ത്താവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗമായിരുന്ന പ്രതി പി.പി ദിവ്യയ്ക്ക് ഉന്നത.രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ദിവ്യയെ സംരക്ഷിക്കും വിധത്തിലാണ് അന്വേഷണമെന്നാണ് മഞ്ജുഷയുടെ വാദം.

പ്രോട്ടോക്കോളില്‍ പ്രതിയെക്കാള്‍ താഴെയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം രൂപീകരിച്ചത്. നവീന്‍ കോഴ വാങ്ങിയെന്നാരോപിച്ച് പെട്രോള്‍ പമ്പ് അപേക്ഷകന്‍ പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് അയച്ചെന്ന് പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്. പ്രതിക്ക് അനുകൂലമായി രേഖ ചമയ്ക്കാന്‍ അന്വേഷണ സംഘം കൂട്ടുനില്‍ക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.