ന്യൂഡല്‍ഹി: പഞ്ചാബിലെ കര്‍ഷകര്‍ നടത്തിയ 'ഡല്‍ഹി ചലോ' മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതിനെ അപലപിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചതും അവരെ തടയാന്‍ ശ്രമിച്ചതും അപലപനീയമാണ്. അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെ കേള്‍ക്കണം. ഇന്ന് രാജ്യത്ത് ഓരോ മണിക്കൂറിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നു. ഇതില്‍ നിന്ന് കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതം എത്രയെന്ന് മനസിലാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'2020-21 ല്‍ നടന്ന പ്രതിഷേധത്തിനിടെ 700 കര്‍ഷകരാണ് മരിച്ചത്. മോഡി സര്‍ക്കാരാണ് അതിന് കാരണം. ഞങ്ങള്‍ കര്‍ഷകരുടെ വേദന മനസിലാക്കുകയും അവരുടെ ആവശ്യങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. മിനിമം താങ്ങുവില അടക്കമുള്ള എല്ലാ ആവശ്യങ്ങളും സര്‍ക്കര്‍ ഉടന്‍ നടപ്പാക്കണം. കര്‍ഷകര്‍ അഭിവൃദ്ധി പ്രാപിച്ചാലേ രാജ്യം സമൃദ്ധമാകൂ'- രാഹുല്‍ എക്‌സില്‍ കുറിച്ചു.
പഞ്ചാബിലെ കര്‍ഷകരുടെ 'ഡല്‍ഹി ചലോ' മാര്‍ച്ച് ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് നേരെ ഹരിയാന അതിര്‍ത്തി സുരക്ഷാ സേന കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. ഹരിയാന-പഞ്ചാബ് ശംഭു അതിര്‍ത്തിയില്‍ വെച്ചാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്.
മിനിമം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് ഉള്‍പ്പടെയുള്ള ആവശ്യങ്ങളുമായാണ് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ഇന്ന് ഉച്ചയോടെ 'ഡല്‍ഹി ചലോ' മാര്‍ച്ച് ആരംഭിച്ചത്. 101 കര്‍ഷകരുടെ ഒരു സംഘമാണ് ശംഭു അതിര്‍ത്തിയിലെ പ്രതിഷേധ സ്ഥലത്ത് നിന്നും പുറപ്പെട്ടത്. എന്നാല്‍ അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ പൊലീസ് ബാരിക്കേഡുകള്‍ വെച്ച് തടയുകയായിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് അംബാല ജില്ലയിലെ 11 ഗ്രാമങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്എംഎസ് സേവനങ്ങള്‍ അടുത്ത ആഴ്ച വരെ നിര്‍ത്തി വെച്ചിരിക്കുകയാണ്. അംബാലയിലെ ദംഗ്ദേഹ്രി, ലോഹ്ഗര്‍, മനക്പൂര്‍, ദാദിയാന, ബാരി ഗെല്‍, ലാര്‍സ്, കാലു മജ്റ, ദേവി നഗര്‍, സദ്ദോപൂര്‍, സുല്‍ത്താന്‍പൂര്‍, കക്രു ഗ്രാമങ്ങളില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.