വൈദ്യുതി നിരക്ക് വര്‍ധന: ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് റെഗുലേറ്ററി കമ്മീഷന്‍; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ. കൃഷ്ണന്‍കുട്ടി

വൈദ്യുതി നിരക്ക് വര്‍ധന: ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് റെഗുലേറ്ററി കമ്മീഷന്‍; ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ. കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷനാണ് ദീര്‍ഘകാല കരാര്‍ റദാക്കിയതെന്ന് മന്ത്രി പറഞ്ഞു.

പഴയ വിലയ്ക്ക് വൈദ്യുതി നല്‍കാനാവില്ലെന്ന് കമ്പനികള്‍ നിലപാട് സ്വീകരിച്ചു. ഹ്രസ്വകാല കരാര്‍ മാത്രമാണ് അദാനിയുമായി ഉള്ളതെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം.

തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഴയ വിലയ്ക്ക് വൈദ്യുതി നല്‍കാനാവില്ലെന്ന് കമ്പനികള്‍ നിലപാട് സ്വീകരിച്ചു. അതേസമയം അദാനിയുമായി ഹ്രസ്വകാല കരാര്‍ മാത്രമാണുള്ളതെന്നും കെ. കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

കെഎസ്ഇബിയുടേത് കൊള്ളയാണെന്നും സാധാരണക്കാരന് താങ്ങാന്‍ ആവാത്ത സാഹചര്യമാണ് ഉള്ളതെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം. സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇത് കാണിക്കുന്നതെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന കരാര്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദ് ചെയ്തു.

പുതിയ കരാര്‍ പ്രകാരം നാല് ഇരട്ടി നല്‍കിയാണ് ഒരു യൂണിറ്റ് കറന്റ് വാങ്ങുന്നത്. ഇതാണ് ബാധ്യതയ്ക്ക് പ്രധാന കാരണമെന്നും അദേഹം പറഞ്ഞു. 45000 കോടിയാണ് ബാധ്യത. വൈദ്യുതി വകുപ്പ് കൊണ്ടുവന്ന പദ്ധതികള്‍ അഴിമതിയില്‍ മുങ്ങിയെന്നും സതീശന്‍ പറഞ്ഞു. വൈദ്യുതി നിരക്ക് പിന്‍വലിക്കണം ഇല്ലെങ്കില്‍ പ്രതിഷേധം തുടരുമെന്നും വി.ഡി സതീശന്‍ അറിയിച്ചു.

വൈദ്യുതി നിരക്ക് വര്‍ധന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും കാരണമെന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നത് 7500 കോടിയുടെ അധിക ഭാരമാണെന്നും ചെന്നിത്തല ആരോപിച്ചു. വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട രമേശ് ചെന്നിത്തല വൈദ്യുതി ബോര്‍ഡിനെ കടക്കെണിയിലാക്കി സ്വകാര്യവത്കരിക്കാന്‍ നീക്കമുണ്ടെന്ന സംശയവും ഉന്നയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.