കുമ്പസാരം എന്ന കൂദാശ സ്വീകരിക്കുക; വിശുദ്ധ വാതിൽ തുറക്കപ്പെടുന്നതുപോലെ മനസ്സും ഹൃദയവും കർത്താവിനായി തുറന്നു കൊടുക്കുക: ഫ്രാൻസിസ് മാർപാപ്പ

കുമ്പസാരം എന്ന കൂദാശ സ്വീകരിക്കുക; വിശുദ്ധ വാതിൽ തുറക്കപ്പെടുന്നതുപോലെ മനസ്സും ഹൃദയവും കർത്താവിനായി തുറന്നു കൊടുക്കുക: ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: അമലോത്ഭവ കന്യകയിൽ നിന്ന് ജന്മമെടുത്ത കർത്താവായ ഈശോയ്ക്കായി ഹൃദയവും മനസ്സും തുറക്കണമെന്ന് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. ദൈവത്തിന്റെ അനന്തമായ കരുണയിൽ പ്രത്യാശയർപ്പിക്കണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

ഞായറാഴ്ച ത്രികാല പ്രാർത്ഥനയ്ക്കായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒരുമിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് അവർക്ക് വചനസന്ദേശം നൽകുകയായിരുന്നു പാപ്പ. പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവതിരുനാൾ കൊണ്ടാടിയ ഇന്നലെ, ലൂക്കായുടെ സുവിശേഷത്തിലെ മംഗളവാർത്തയുടെ ഭാഗമാണ് പരിശുദ്ധ പിതാവ് വിചിന്തനത്തിനായി തെരഞ്ഞെടുത്തത്.

മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ടതും മനോഹരവുമായ നിമിഷങ്ങളായിരുന്നു മംഗളവാർത്തയുടെ നിമിഷങ്ങളെന്ന് പാപ്പ പറഞ്ഞു. ഗബ്രിയേൽ ദൂതന്റെ അറിയിപ്പിനോട് 'ആമ്മേൻ' പറഞ്ഞ പരിശുദ്ധ കന്യകാമറിയം, അതുവഴി ദൈവപുത്രന്റെ മനുഷ്യാവതാരത്തിന് സമ്മതം നൽകി. അത്യുന്നതനും സർവ്വശക്തനുമായ ദൈവം തൻ്റെ ദൂതൻ മുഖേന നസ്രത്തിൽ നിന്നുള്ള ഒരു കന്യകയുമായി സംഭാഷണത്തിലേർപ്പെടുകയും തൻ്റെ രക്ഷാകര പദ്ധതിക്കായി അവളുടെ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്യുന്ന ആ രംഗം അത്ഭുതകരവും വികാരഭരിതവുമായ ഒന്നാണ് - മാർപാപ്പ വിശദീകരിച്ചു.

ദൈവവും മനുഷ്യനും കണ്ടുമുട്ടുന്നു

സിസ്റ്റൈൻ ചാപ്പലിന്റെ മേൽതട്ടിലുള്ള 'ആദത്തിന്റെ സൃഷ്ടി'എന്ന മൈക്കലാഞ്ചലോയുടെ പ്രസിദ്ധമായ പെയിന്റിംഗിൽ സ്വർഗീയ പിതാവിന്റെ വിരൽ മനുഷ്യന്റെ വിരലിനെ സ്പർശിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നതുപോലെതന്നെയാണ് പരിശുദ്ധ കന്യകാമറിയത്തിന് ലഭിച്ച മംഗളവാർത്തയുടെ നിമിഷങ്ങളുമെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. മനുഷ്യകുലത്തിൻ്റെ ഭാഗധേയം ആ ഗ്രാമീണ കന്യകയുടെ സമ്മതത്തെ ആശ്രയിച്ചാണിരുന്നത്. അവളുടെ സമ്മതം മൂലമാണ് മനുഷ്യകുലത്തിന് വീണ്ടും പുഞ്ചിരിക്കാനും പ്രത്യാശിക്കാനും ഇടവന്നത്. കാരണം, മനുഷ്യൻ്റെ ഭാവി ഇപ്പോൾ നന്മ നിറഞ്ഞ കരങ്ങളിലാണ്.

കൃപ നിറഞ്ഞവൾ

മുഖ്യദൂതനായ ഗബ്രിയേൽ അഭിസംബോധന ചെയ്തതുപോലെതന്നെ മറിയം കൃപ നിറഞ്ഞവളാണ്. കാരണം, അവൾ അമലോത്ഭവയും ദൈവവചനത്തിന്റെ ശുശ്രൂഷക്കായി തന്നെത്തന്നെ സമർപ്പിച്ചവളുമാണ്. അവൾ എന്നും കർത്താവിനോടൊപ്പമായിരുന്നു. എല്ലാ തലമുറകളും അവളെ ഭാഗ്യവതി എന്നു പ്രകീർത്തിക്കുന്നു. അമലോത്ഭവയായ അവളിലൂടെ രക്ഷകനായ ഈശോയെ ലഭിച്ചതിനാൽ നമുക്കും സന്തോഷിക്കാം - പരിശുദ്ധ പിതാവ് പറഞ്ഞു.

ഞാൻ എന്തിലാണ് പ്രത്യാശ വച്ചിരിക്കുന്നത്?

ദൈവത്തിന്റെ അനന്തമായ കരുണയിലാണോ ഞാൻ പ്രത്യാശ വച്ചിരിക്കുന്നത്? അതോ, സമ്പത്തിലും ശക്തരായ സുഹൃത്തുക്കളിലുമാണോ?യുദ്ധങ്ങൾ നാശം വിതച്ചു കൊണ്ടിരിക്കുന്ന നമ്മുടെ ഈ ലോകത്തിൽ, ഹൃദയത്തിൽ നിധി പോലെ ഞാൻ സൂക്ഷിച്ചിരിക്കുന്നത് തിളങ്ങുന്നതെങ്കിലും വ്യാജമായ സന്തോഷങ്ങളാണോ? പരിധികളില്ലാതെ നമ്മെ സ്നേഹിക്കുന്ന ദൈവത്തിൻ്റെ ആശ്ലേഷം അനുഭവിച്ചറിയാൻ എനിക്കു കഴിയുന്നുണ്ടോ? ഞാൻ പോകുന്ന ഇടങ്ങളിൽ എനിക്ക് മുമ്പേ സഞ്ചരിക്കുകയും അനുതാപത്തോടെ അവിടുത്തെ പക്കലേക്ക് തിരിച്ചുവരുമ്പോൾ എന്റെ തെറ്റുകൾ പൂർണമായി ക്ഷമിക്കുകയും ചെയ്യുന്ന സ്നേഹമാണ് ദൈവം എന്ന സത്യം ഞാൻ ഗ്രഹിച്ചിട്ടുണ്ടോ? ഈ ചോദ്യങ്ങൾ ഓരോരുത്തരും സ്വയം ചോദിക്കണമെന്ന് മാർപാപ്പ നിർദേശിച്ചു

പ്രത്യാശയുടെ ജൂബിലി

2025-ലെ ജൂബിലി അടുത്തുവരുകയാണെന്നും ഏതാനും ആഴ്ചകൾക്കകം ജൂബിലിയുടെ വാതിൽ തുറക്കപ്പെടുമെന്നുമുള്ള കാര്യം മാർപാപ്പ ചൂണ്ടിക്കാട്ടി. വിശുദ്ധ വാതിൽ തുറക്കപ്പെടുന്നതുപോലെ നമ്മുടെ മനസ്സും ഹൃദയവും അമലോത്ഭവ കന്യകയിൽ നിന്ന് ജന്മമെടുത്ത കർത്താവായ ഈശോയ്ക്കായി തുറന്നുകൊടുക്കാൻ അവളുടെ മാധ്യസ്ഥ സഹായം തേടി നമുക്ക് പ്രാർത്ഥിക്കാം - പാപ്പ പറഞ്ഞു. തുടർന്നുവരുന്ന ദിവസങ്ങളിൽ ഹൃദയങ്ങൾ തുറക്കാൻ നമ്മെ സഹായിക്കുന്ന കുമ്പസാരം എന്ന കൂദാശ സ്വീകരിക്കാൻ ഏവർക്കും പ്രോത്സാഹനം നൽകി പരിശുദ്ധ പിതാവ് തൻ്റെ സന്ദേശം അവസാനിപ്പിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.