ബംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ഗവര്‍ണറുമായിരുന്ന എസ്.എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 2:45 ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
2009 മുതല്‍ 2012 വരെ യുപിഎ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന അദേഹം അതിന് മുന്‍പ് 1999 മുതല്‍ 2004 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. ബംഗളൂരു നഗരത്തെ ഇന്ന് കാണുന്ന വിധത്തില്‍ ഐ.ടി നഗരമാക്കി വളര്‍ത്തുന്നതില്‍ എസ്.എം കൃഷ്ണയുടെ പങ്ക് വളരെ വലുതായിരുന്നു.
1962 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് സ്വതന്ത്രനായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം കൃഷ്ണയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 1967 ല്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ മദ്ദൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1968 ല്‍ മാണ്ഡ്യയില്‍ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ പി.എസ്.പി ടിക്കറ്റില്‍ ആദ്യമായി ലോക്‌സഭയിലെത്തി.
1971 ല്‍ പി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കൃഷ്ണ അതേവര്‍ഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 1972 ല്‍ കര്‍ണാടക നിയമസഭ കൗണ്‍സില്‍ അംഗമായതിനെ തുടര്‍ന്ന് ലോക്സഭാ അംഗത്വം രാജിവച്ചു. 1972 മുതല്‍ 1977 വരെ സംസ്ഥാന കാബിനറ്റ് മന്ത്രിയായിരുന്നു. 1980 ല്‍ മാണ്ഡ്യയില്‍ നിന്ന് വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1980 മുതല്‍ 1984 വരെ കേന്ദ്ര മന്ത്രിയായിരുന്ന കൃഷ്ണ 1984 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1989 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് നിയമസഭയിലെത്തിയ കൃഷ്ണ 1993 വരെ നിയമസഭാ സ്പീക്കറായും 1993-1994 കാലഘട്ടത്തില്‍ ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു. 1994 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996 മുതല്‍ 1999 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. 1999 മുതല്‍ 2000 വരെ കര്‍ണാടക പി.സി.സി പ്രസിഡന്റുമായിരുന്നു അദേഹം. 2017 ജനുവരി 30 ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവച്ചു കോണ്‍ഗ്രസ് വിട്ടു. 2017 മുതല്‍ ബിജെപി അനുഭാവിയായി തുടര്‍ന്ന കൃഷ്ണ 2017 മാര്‍ച്ച് 22 ന് ബിജെപിയില്‍ ചേര്‍ന്നു.
1999 ലാണ് കൃഷ്ണ കര്‍ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 1999 ല്‍ രാജ്യസഭാംഗത്വം രാജിവച്ച് മദ്ദൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി. 2004 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാമരാജ്പേട്ട മണ്ഡലത്തില്‍ നിന്ന് എം.എല്‍.എ ആയെങ്കിലും മഹാരാഷ്ട്ര ഗവര്‍ണറായി നിയമിക്കപ്പെട്ടതോടെ നിയമസഭാ അംഗത്വം രാജിവച്ചു. 2008 ല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കൃഷ്ണ 2008 മുതല്‍ 2014 വരെ രാജ്യസഭാ അംഗമായും 2009 മുതല്‍ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.