മെല്‍ബണില്‍ ഭീകരാക്രമണമുണ്ടായ സിനഗോഗ് സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി ആല്‍ബനീസിക്കു നേരെ ജനരോഷം

മെല്‍ബണില്‍ ഭീകരാക്രമണമുണ്ടായ സിനഗോഗ് സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി ആല്‍ബനീസിക്കു നേരെ ജനരോഷം

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഭീകരാക്രമണമുണ്ടായ അഡാസ് ഇസ്രയേല്‍ സിനഗോഗില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിക്കു നേരെ ജനരോഷം. സിനഗോഗ് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ചിലര്‍ പ്രധാനമന്ത്രിക്കു നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.

സിനഗോഗിലെത്തിയ ആല്‍ബനീസിക്കു ചുറ്റും റിപ്പോര്‍ട്ടര്‍മാരും പ്രദേശത്തെ ജൂത സമുദായാംഗങ്ങളും തടിച്ചുകൂടിയിരുന്നു. അതിനിടയിലാണ് ചിലര്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങിയത്. 'വൈകിയുള്ള നിങ്ങളുടെ വാക്കുകള്‍ വിലകുറഞ്ഞതാണ്', 'പ്രധാനമന്ത്രി എന്തിനാണ് ഇത്ര ഭീരുവാകുന്നത്?' എന്നിങ്ങനെ പ്രധാനമന്ത്രിക്കു ചുറ്റും കൂടിയ ജനക്കൂട്ടം ഉച്ചത്തില്‍ ചോദിച്ചു. ബഹളത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അവിടെ നിന്നും നീക്കുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മെല്‍ബണിലെ അഡാസ് ഇസ്രയേല്‍ സിനഗോഗിന് മുഖംമൂടിധാരികളായ അക്രമികള്‍ തീയിട്ടത്. സംഭവത്തില്‍ ആരാധനാലയത്തിലെ മര ഉരുപ്പടികളും മതഗ്രന്ഥങ്ങളും കത്തിനശിച്ചിരുന്നു.

ഓസ്ട്രേലിയന്‍ ജൂത സമൂഹത്തിന് തന്റെ പിന്തുണ പ്രകടിപ്പിക്കാനാണ് പ്രധാനമന്ത്രി സിനഗോഗില്‍ സന്ദര്‍ശനം നടത്തിയത്. സംഭവം ഭീകരാക്രമണമെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വിശദമായ അന്വേഷണം നടന്നുവരികയാണ്.

സന്ദര്‍ശനത്തിനു പിന്നാലെ ജൂത ലേബര്‍ എംപി ജോഷ് ബേണ്‍സ്, സിനഗോഗിലെ റബ്ബി, പ്രദേശവാസികള്‍ എന്നിവരുമായി അല്‍ബനീസി കൂടിക്കാഴ്ച നടത്തി. സിനഗോഗ് പുനര്‍നിര്‍മ്മിക്കാന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. സിനഗോഗ് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്,

ഈ ആക്രമണം ഒരു തീവ്രവാദ പ്രവര്‍ത്തനമായിരുന്നുവെന്നും അത് യഹൂദവിരുദ്ധതയില്‍ നിന്നുണ്ടായതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയ സമാധാനപരമായ രാജ്യമാണ്. വ്യത്യസ്ത വിശ്വാസമുള്ള ആളുകളെ ബഹുമാനിക്കുന്ന രാജ്യമാണിത്. നാം ഈ ഘട്ടത്തില്‍ ഒരുമിച്ചുനില്‍ക്കണം. സമൂഹം സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എന്ത് പിന്തുണയും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അല്‍ബനീസി കൂട്ടിച്ചേര്‍ത്തു.

2023ല്‍ ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷം ഓസ്‌ട്രേലിയയില്‍ യഹൂദവിരുദ്ധത വര്‍ധിക്കുന്നതില്‍ അല്‍ബനീസി സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

സിനഗോഗില്‍ അഗ്‌നിബാധയുണ്ടായ ഉടനെ പ്രധാനമന്ത്രി സംഭവ സ്ഥലം സന്ദര്‍ശിച്ചില്ലെന്ന് രാഷ്ട്രീയ എതിരാളികള്‍ കുറ്റപ്പെടുത്തി. ആക്രമണത്തിന് തൊട്ടുപിന്നാലെ പെര്‍ത്തില്‍ പരിപാടികളില്‍ പങ്കെടുക്കുകയും ടെന്നീസ് കളിക്കുകയും ചെയ്തതായും വിമര്‍ശനമുയര്‍ന്നു.

പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടന്റെ വിമര്‍ശനത്തെത്തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ആക്രമണത്തെ ഭീകരവാദമെന്ന് വിശേഷിപ്പിച്ചത്. യഹൂദ സമൂഹത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി പദ്ധതിയിട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.