തിരുവനന്തപുരം: സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയവർക്കും ഇപ്പോൾ വിദേശത്തുള്ളവർക്കും അപേക്ഷിക്കാം.
ഇ.സി.ആർ വിഭാഗത്തിൽപ്പെട്ട അവിദഗ്ധ തൊഴിലാളികൾ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ തുടങ്ങിയവരുടെ മക്കൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. തിരികെ നാട്ടിലെത്തിയവരുടെ വാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ അധികമാകാൻ പാടില്ല. വിദേശത്തുള്ള പ്രവാസികൾക്ക് നോർക്കയുടെ ഐഡി കാർഡു ഉണ്ടായിരിക്കണം.
ബിരുദാനന്തര ബിരുദ കോഴ്സുകൾ (എം.എ, എം.എസ്.സി, എം കോം), പ്രൊഫഷണൽ കോഴ്സുകളായ എം.ബി.ബി.എസ്സ് / ബി.ഡി.എസ്സ് / ബി. എച്ച്. എം .എസ്സ് / ബി.എ.എം.എസ്സ് / ബി.ഫാം / ബി.എസ്സി .നഴ്സിംഗ്/ ബി.എസ്.സി .എം .എൽ .റ്റി / എ.ബി.എ, എംസിഎ /എഞ്ചിനീയറിംഗ്/ അഗ്രികൾച്ചർ / വെറ്ററിനറി/ എന്നീ കോഴ്സുകളിൽ 2020-21 അധ്യായന വർഷം ചേർന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.
പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് പഠിക്കുന്ന കോഴ്സുകൾക്കു വേണ്ട ആനുകൂല്യം നല്കുക. ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നവരിൽ ബിരുദത്തിന് സയൻസ് വിഷയങ്ങൾക്ക് 75 ശതമാനത്തിന് മുകളിലും ആർട്ട്സ് വിഷയങ്ങൾക്ക് 60 ശതമാനത്തിന് മുകളിലും മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അർഹത. പ്രൊഫഷണൽ ബിരുദ കോഴ്സിന് പഠിക്കുന്നവർ പ്ലസ്‌ടുവിന് 75 ശതമാനം മാർക്കിന് മുകളിൽ നേടിയിരിക്കണം. റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹതയുള്ളൂ.
കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും സ്കോളർഷിപ്പിന് അർഹത. അപേക്ഷ ഫാറം നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org ൽ ലഭിക്കും.
അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ് , മൂന്നാം നില, നോർക്ക സെന്റർ , തൈക്കാട്ട്, തിരുവനന്തപുരം -695014 എന്ന വിലാസത്തിൽ 2021 -മാർച്ച് ആറിനകം ലഭിക്കണം. വിശദവിവരങ്ങൾ നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ്കോൾ സേവനം) ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.