പാലക്കാട്: പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ഥിനികളുടെ മൃതദേഹങ്ങള്‍ തുപ്പനാട് ജുമാ മസ്ജിദില്‍ ഖബറടക്കി.
കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പത്തരയോടെയാണ് തുപ്പനാട് മസ്ജിദില്‍ നാല് വിദ്യാര്‍ഥിനികളുടേയും മൃതദേഹം എത്തിച്ചത്. പിന്നീട് അടുത്തടുത്തായി തയ്യാറാക്കിയ ഖബറില്‍ നാല് പേരെയും സംസ്‌കരിച്ചു.
പാലക്കാട് ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്.
ചെറുള്ളി സ്വദേശികളായ അബ്ദുള്‍ സലാമിന്റെ മകള്‍ പി.എ ഇര്‍ഫാന ഷെറിന്‍, അബ്ദുള്‍ റഫീഖിന്റെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലീമിന്റെ മകള്‍ കെ.എം.നിദ ഫാത്തിമ, ഷറഫുദ്ദീന്റെ മകള്‍ എ.എസ് ആയിഷ എന്നിവരാണ് ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തില്‍ മരിച്ചത്.
വിദ്യാര്‍ഥിനികളുടെ വീടുകളിലും തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. മന്ത്രിമാര്‍, ജില്ലാ കളക്ടര്‍, ജനപ്രതിനിധികള്‍, സഹപാഠികള്‍, അധ്യാപകര്‍ തുടങ്ങിയവരടക്കം ആയിരക്കണക്കിന് പേരാണ് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിയത്. വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനമുണ്ടായിരുന്നില്ല. സ്‌കൂളിന് ഇന്ന് അവധി നല്‍കി.
സിമന്റ് ലോഡുമായി വന്ന ലോറി പാഞ്ഞു കയറിയാണ് വിദ്യാര്‍ത്ഥിനികള്‍ മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണിവര്‍. കൂടെയുണ്ടായിരുന്ന സഹപാഠി അജ്‌ന ഷെറിന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 3.50 ഓടെ കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കരിമ്പ, പനയമ്പാടത്തായിരുന്നു അപകടമുണ്ടായത്.
സംഭവത്തില്‍ സിമന്റ് കയറ്റിയ ലോറിയുടെ ഡ്രൈവര്‍ ഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും കാസര്‍കോട് സ്വദേശികളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.