ഡിസംബര്‍ 18 ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ഡിസംബര്‍ 18 ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കും: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ സംരക്ഷണവും അവകാശവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ഡിസംബര്‍ 18 ദേശീയ ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കും.

ഐക്യരാഷ്ട്ര സഭ അന്തര്‍ ദേശീയ ന്യൂനപക്ഷ അവകാശ ദിനമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ 18 ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ന്യൂനപക്ഷ അവകാശ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും.

സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയണല്‍ കൗണ്‍സിലുകളുടെയും വിവിധ കത്തോലിക്കാ അല്‍മായ സംഘടനകളുടെയും ഇതര ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ വിവിധ ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തി വെച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ ക്രൈസ്തവ വിവേചനം കാലങ്ങളായി തുടരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്.

ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്ന ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തു വിടുകയും തുടര്‍ നടപടികളുണ്ടാകുകയും വേണം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കോടതി വ്യവഹാരങ്ങളും നിയമ നിര്‍മ്മാണങ്ങളും ഭാവിയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും.

സാമൂഹ്യ പിന്നോക്കാവസ്ഥയുടെ ആഴം അനുസരിച്ച് പട്ടിക വിഭാഗങ്ങള്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്ന് രണ്ടായിത്തിരിച്ചതു പോലെ പ്രജനന നിരക്ക്, ജനസംഖ്യാ വളര്‍ച്ച, ജനസംഖ്യാ അനുപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മൈക്രോ മൈനോറിറ്റി എന്ന നിര്‍വചനം അടിയന്തരമായിട്ടുണ്ടാകണം.

മൈക്രോ മൈനോറിറ്റി പ്രൊട്ടക്ഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ പോളിസി രൂപീകരിച്ച് നടപ്പിലാക്കുവാനും ഭരണഘടനാ പദവിയുള്ള നാഷണല്‍ മൈക്രോ മൈനോരിറ്റി കമ്മീഷന്‍ രൂപീകരിച്ചു കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്കും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ സംയുക്തമായി ആവശ്യപ്പെടും.

ജനസംഖ്യയില്‍ 2.3 ശതമാനം മാത്രമുള്ള ക്രൈസ്തവരെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിച്ച് പ്രത്യേക ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ പഠന സമിതി രൂപീകരിക്കണം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ദളിത് ക്രൈസ്തവ സമൂഹം നേരിടുന്ന നീതി നിഷേധത്തിനെതിരെയുള്ള നിയമ സമര പോരാട്ടങ്ങള്‍ക്ക് രാജ്യത്തുടനീളം ഡിസംബര്‍ 18 ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും.

രാജ്യത്തെ എല്ലാ ക്രൈസ്തവ സ്ഥാപനങ്ങളും സംഘടനകളും ഡിസംബര്‍ 18 ലെ ദേശീയ ന്യൂനപക്ഷ അവകാശ ദിനാചരണത്തില്‍ പങ്ക് ചേരണമെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികളോടൊപ്പം അവ നേടിയെടുക്കുന്നതിലെ പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്ത് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും വി.സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.