'അനുകമ്പയും മനുഷ്യത്വവും കാണിക്കൂ'; ജസ്റ്റിസ് ഫോര്‍ വയനാട് എന്ന മുദ്രാവാക്യമുയര്‍ത്തി പാര്‍ലമെന്റിന് മുന്നില്‍ കേരള എംപിമാര്‍

'അനുകമ്പയും മനുഷ്യത്വവും കാണിക്കൂ'; ജസ്റ്റിസ് ഫോര്‍ വയനാട് എന്ന മുദ്രാവാക്യമുയര്‍ത്തി പാര്‍ലമെന്റിന് മുന്നില്‍ കേരള എംപിമാര്‍

ന്യൂഡല്‍ഹി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന് കേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരെ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ പ്രതിഷേധം. ജസ്റ്റിസ് ഫോര്‍ വയനാട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പാര്‍ലമെന്റിന് മുന്നില്‍ എംപിമാര്‍ അണി നിരന്നത്.
വയനാടിന് നീതി നല്‍കുക, ദുരിതാശ്വാസ പാക്കേജ് അനുവദിക്കുക എന്നെഴുതിയ ബാനര്‍ ഉയര്‍ത്തി മകര്‍ദ്വാറിന് മുന്നില്‍ എംപിമാര്‍ നിലയുറപ്പിച്ചു. പ്രിയങ്ക ഗാന്ധി

ഉള്‍പ്പെടെയുള്ള എംപിമാര്‍ മലയാളത്തില്‍ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നത്. വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് നിരാശപ്പെടുത്തുന്നതാണെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തു നല്‍കുകയും ആഭ്യന്തര മന്ത്രിയെ നേരിട്ടു കാണുകയും ചെയ്തു. എന്നാല്‍ അനുകൂല നടപടിയുണ്ടായിലില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി.

വയനാട്ടില്‍ ഉണ്ടായ ദുരന്തം രാജ്യം മുഴുവന്‍ കണ്ടതാണ്. അവിടത്തെ ജനങ്ങളുടെ വേദനയും ദുരിതവും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കാന്‍ മടിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും ഇതു തന്നെയാണ് സ്ഥിതി. അവരും രാജ്യത്തെ പൗരന്മാരാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളുടെയും വേദനയുടെയും ദുരിതത്തിന്റെയും സമയത്തെങ്കിലും രാഷ്ട്രീയ വിവേചനം മാറ്റിവയ്ക്കണം. കേന്ദ്ര സര്‍ക്കാരിന് അനുകമ്പയും മനുഷ്യത്വവും ഉണ്ടെന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്. ഇത് രാഷ്ട്രീയത്തിന് അതീതമായ വിഷയമാണ്. അത് മനസിലാക്കി കേന്ദ്രം നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.