ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. പാര്‍ട്ടി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിക്കും. മുഖ്യമന്ത്രി അതിഷി മര്‍ലേന സിറ്റിങ് മണ്ഡലമായ കല്‍ക്കാജിയിലും വീണ്ടും ജനവിധി തേടും.
നാലാം ഘട്ടത്തില്‍ 38 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് പുറത്തിറക്കിയത്. മന്ത്രിമാരായ സൗരഭ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷ് മണ്ഡലത്തിലും ഗോപാല്‍ റായ് ബാബര്‍പൂര്‍ മണ്ഡലത്തിലും മത്സരിക്കും. അമാനത്തുള്ള ഖാന്‍ ഓഖ്ലയിലും സത്യേന്ദ്രകുമാര്‍ ജെയിന്‍ ഷാകുര്‍ ബസ്തി മണ്ഡലത്തിലും ജനവിധി തേടും.
കസ്തൂര്‍ബ നഗര്‍ മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ മദന്‍ ലാലിനെ മാറ്റി. പകരം രമേശ് പെഹല്‍വാന്‍ മത്സരിക്കും. രമേശും ഭാര്യയും കൗണ്‍സിലറുമായ കുസും ലതയും അടുത്തിടെയാണ് ബിജെപിയില്‍ നിന്നും എഎപിയില്‍ ചേര്‍ന്നത്. ഇതോടെ ഡല്‍ഹിയിലെ 70 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയും സമഗ്രമായ തയ്യാറെടുപ്പോടെയുമാണ് ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
ബിജെപിയെ എവിടെയും കാണാനില്ല. അവര്‍ക്ക് മുഖ്യമന്ത്രി മുഖമില്ല, ടീമില്ല, ആസൂത്രണമില്ല, ഡല്‍ഹിയെക്കുറിച്ചുള്ള കാഴ്ചപ്പാടുമില്ല. അവര്‍ക്ക് കെജരിവാളിനെ പുറത്താക്കുക എന്ന ഒരു മുദ്രാവാക്യവും ഒരു നയവും മാത്രമേയുള്ളൂവെന്നും അദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയുടെയും സംസ്ഥാനത്തെ ജനങ്ങളുടെയും വികസനത്തിനായി ആം ആദ്മി പാര്‍ട്ടിക്ക് ഒരു കാഴ്ചപ്പാടും, പദ്ധതിയും, അത് നടപ്പിലാക്കാന്‍ വിദ്യാസമ്പന്നരായ നേതാക്കളുടെ ഒരു സംഘവും ഉണ്ടെന്ന് കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.