തലശേരി : ജനമദ്ധ്യത്തിലേക്കെഴുന്നുള്ളിയ ദിവ്യകാരുണ്യ നാഥനെ കാണാൻ തലശേരി തോമാപുരത്തേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി. ജാതിമത വ്യത്യാസമില്ലാതെ നാട്ടുകാരും വ്യാപാരി സമൂഹവും തൊഴിലാളികളുമെല്ലാം ഒരേ മനസോടെ നാല് ദിവസം തോമാപുരത്ത് നടന്ന ദിവ്യകാരുണ്യ കോൺഗ്രസിനെ ഏറ്റെടുത്തു.
സമാപനത്തോടനുബന്ധിച്ച് നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണത്തിൽ പതിനായിരങ്ങൾ പങ്കെടുത്തു. ലൈവ് എക്സിബിഷനിൽ നിരവധി എക്സിബിഷനുകളും ടാബ്ലോകളും അരങ്ങേറി. ചുമട്ടുതൊഴിലാളികൾ ഒരുക്കിയ യേശുക്രിസ്തുവിന്റെ കുരിശ് മരണവുമായി ബന്ധപ്പെട്ട ദൃശ്യാവിഷ്കാരം വിശ്വാസികളുടെ മനം നിറച്ചു.
തോമാപുരം സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തൊരുക്കിയ ദിവ്യകാരുണ്യ നഗറിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് ദിവ്യകാരുണ്യ കോൺഗ്രസിന് ദീപം തെളിയിച്ചത്. ധ്യാന ഗുരുവും വചന പ്രഘോഷകനുമായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നയിച്ച ദിവ്യകാരുണ്യ കൺവെന്‍ഷന്‍ അനേകര്‍ക്ക് വലിയ ആത്മീയാനുഭവമായിരുന്നു.
സമാപന ദിനത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാപ്ലാനിയുടെ നേതൃത്വത്തിലായിരുന്നു വിശുദ്ധ കുർബാനയും പ്രദിക്ഷണവും. ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട്, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ സഹകാർമികരായിരുന്നു. തലശേരി അതിരൂപതയിലെ മുഴുവൻ വൈദികരും സന്യസ്തരും പങ്കെടുത്തു.
മലബാറിന്റെ ഹൃദയത്തിൽ അലിഞ്ഞ് ചേർന്നതാണ് ദിവ്യകാരുണ്യഭക്തിയെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. വിശുദ്ധ കുർബാന കേന്ദ്രീകൃതമായ ഒരു സാമൂഹിക ജീവിതക്രമമാണ് മലയോരജനത്തിനുള്ളത്. പരിശുദ്ധ കുർബാനയെ ആരാധിക്കാനും സ്നേഹിക്കാനും കിട്ടുന്ന അവസരങ്ങളെല്ലാം ഫലപ്രദമായി വിനിയോഗിക്കുന്ന ജീവിതശൈലി മലബാറിലെ ദൈവജനത്തിനുണ്ട്.
വൈദികരും വിശ്വാസികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പം വെളിപ്പെടുത്തുന്ന സുന്ദരമായ അനുഭവം കൂടിയായിരുന്നു ദിവ്യകാരുണ്യ കോൺഗ്രസും സമാപനത്തിൽ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണവുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
മണ്ണിനോട് പടവെട്ടി മണ്ണിൽ പൊന്ന് വിളിയ്ക്കുന്ന കുടിയേറ്റ ജനതയുടെ ദിവകാരുണ്യ ഭക്തി അരക്കിട്ടുറപ്പിക്കുന്ന വിധത്തിലായിരുന്നു തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ദിവ്യകാരുണ്യ കോൺഗ്രസ്. ചിറ്റാരിക്കാലിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തിയപ്പോഴും എല്ലാവർക്കും ഇരിപ്പിടവും കുടിവെള്ളവും മുതൽ ആവശ്യമുള്ളവർക്ക് മെഡിക്കൽ സഹായവും താമസസൗകര്യവും വരെ ഉറപ്പുവരുത്താനായി.
സമാപനത്തോടനുബന്ധിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം ചിറ്റാരിക്കാൽ ടൗണിനെ ജനസാഗരമാക്കിയപ്പോഴും പരാതികൾക്കിടയില്ലാത്ത വിധം ഗതാഗത ക്രമീകരണങ്ങൾ ഉറപ്പുവരുത്തി. തോമാപുരം, വെള്ളരിക്കുണ്ട്, മാലോം, ചെറുപുഴ ഫൊറോനകൾ സംയുക്തമായാണ് സംഘാടന ചുമതല നിർവഹിച്ചത്.
തങ്ങളുടെ സംശയങ്ങൾ ചോദിയ്ക്കാൻ യുവജങ്ങൾക്ക് അവസരം നൽകികൊണ്ട് നടത്തപ്പെട്ട സിമ്പോസിയം യുവജനങ്ങൾക്ക് ഉപകാരപ്രദമായിരുന്നു എന്ന് ചടങ്ങിൽ പങ്കെടുത്തവർ അറിയിച്ചു. സിറോ മലബാർ സഭാ സംവിധാനത്തിന് കിഴിൽ ഇത്ര വിപുലമായ രീതിയിൽ ദിവ്യകാരുണ്യ കോൺഗ്രസ് നടത്തപ്പെട്ടിട്ടില്ല എന്ന് സംഘാടകർ പറഞ്ഞു.
വിശ്വാസികളുടെ സജീവ പങ്കാളിത്തം കൊണ്ടും, അവതരണ ശൈലി കൊണ്ടും ഈ ദിവ്യ കാരുണ്യ കോൺഗ്രസ്സ് അന്താരാഷ്ട്ര നിലവാരം പുലർത്തി എന്ന് അവർ കൂട്ടിച്ചേർത്തു. കൺവൻഷൻ ദിവസങ്ങളിൽ കുമ്പസാരത്തിനും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് കൗൺസലിംഗിനും കൈവയ്പ്പ്, രോഗശാന്തി ശുശ്രൂഷകൾക്കും അവസരമുണ്ടായിരുന്നു.
തലശേരി അതിരൂപത ദിവ്യകാരുണ്യ വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ് വിശ്വാസികളിൽ ആത്മീയ ഉണർവും ദിവ്യകാരുണ്യത്തിലൂടെ ജീവനും സൗഖ്യവും സാഹോദര്യവും സമാധാനവും ഉണർത്തുകയെന്ന ലക്ഷ്യത്തോടെ ദിവ്യകാരുണ്യ കോൺഗ്രസ് സംഘടിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.