പക്ഷിപ്പനിയായ എച്ച്5എന്‍1 ന്റെ വകഭേദങ്ങള്‍ പൂച്ചകളിലൂടെയും മനുഷ്യരിലേക്ക് പകരാനിടയുണ്ടെന്ന് ശാസ്ത്രജ്ഞര്‍. പക്ഷിപ്പനിയുടെ വാഹകര്‍ പക്ഷികള്‍ മാത്രമാണെന്നായിരുന്നു ഇതുവരെയുള്ള അറിവ്.
എന്നാല്‍ അത് തിരുത്തുകയാണ് പുതിയ പഠനം. ടെയ്ലര്‍ ആന്റ് ഫ്രാന്‍സിസ് എന്ന കമ്പനിക്ക് കീഴില്‍ പ്രസിദ്ധീകരിച്ച ജേണലിലാണ് പക്ഷിപ്പനി പൂച്ചകളിലൂടെയും മനുഷ്യരിലേക്ക് പടരാമെന്ന് വ്യക്തമാക്കുന്നത്.
മറ്റ് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൂച്ചകള്‍ക്ക് പക്ഷിപ്പനി വൈറസും സീസണല്‍ ഫ്‌ളൂ വൈറസുകളും ഒരേസമയം വഹിക്കാനാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ശേഷം അവയ്ക്ക് വകഭേദം സംഭവിക്കുകയും സ്ഥിരമായി ഇടപഴകുന്ന മനുഷ്യരിലേക്ക് പക്ഷിപ്പനി പകരുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ഏപ്രിലില്‍ അമേരിക്കയിലെ സൗത്ത് ഡക്കോട്ടയിലുള്ള ഒരു വീട്ടില്‍ പത്ത് പൂച്ചകള്‍ ചത്തിരുന്നു. ഇവയുടെ ശരീരം പരിശോധിച്ച ഗവേഷകര്‍ ഈ പൂച്ചകളില്‍ ശ്വസന സംബന്ധമായതും നാഡീ സംബന്ധമായതുമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളുണ്ടായിരുന്നതായി കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 80 കകിലോ മീറ്റര്‍ അകലെയുള്ള ഒരു പശുവളര്‍ത്തല്‍ കേന്ദ്രത്തിലെ കന്നുകാലികളില്‍ കണ്ടെത്തിയ വൈറസിന് സമാനമായ വകഭേദം പൂച്ചകളില്‍ കണ്ടെത്തിയത്. പൂച്ചകള്‍ക്കരികില്‍ കണ്ടെത്തിയ പക്ഷിത്തൂവലുകള്‍ അവ വൈറസ് വാഹകരായ പക്ഷികളെ ഭക്ഷിച്ചതിന് തെളിവായി കണ്ടെത്തി.
എന്നാല്‍ നിലവില്‍ പൂച്ചകള്‍ വഴി എച്ച്5എന്‍1 മനുഷ്യരിലേക്ക് പകര്‍ന്നതിന് തെളിവുകളില്ല. എങ്കിലും ഇതില്‍ അടിയന്തിര നിരീക്ഷണം ആവശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ എന്നറിയപ്പെടുന്ന എച്ച്5എന്‍1. ഇത് ഒരു തരം ഇന്‍ഫ്‌ളൂവന്‍സ വൈറസാണ്. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്.
രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴിയും വേഗം പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് രോഗം പകരും. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴിയാണ് രോഗാണുക്കള്‍ മനുഷ്യരിലേക്കെത്തുന്നത്.
പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് ഇത് പകരാറുണ്ട്. എന്നാല്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യത കുറവാണ്. രോഗം ബാധിച്ച മനുഷ്യരില്‍ 60 ശതമാനത്തോളമാണ് മരണ നിരക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.