ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ വിശ്വാസികളുടെ കണക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം

ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ വിശ്വാസികളുടെ കണക്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം

മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934 ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന വിധി സഭയ്ക്ക് കീഴില്‍ ഉള്ള എല്ലാ പള്ളികള്‍ക്കും ബാധകമാകുമോ എന്ന  സംശയം കോടതി ഉന്നയിച്ചു.

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ ഇരു വിഭാഗങ്ങളിലുമുള്ള വിശ്വാസികളുടെ എണ്ണം അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം. കേരളത്തില്‍ ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗത്തില്‍പ്പെട്ട എത്ര പേരുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കണം.

പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഉള്ള കണക്കാണ് സംസ്ഥാന സര്‍ക്കാര്‍ കൈമാറേണ്ടത്. മലങ്കര സഭയ്ക്ക് എത്ര പള്ളികള്‍ ഉണ്ടെന്നും, ഓരോ വിഭാഗത്തിനും എത്ര പള്ളികള്‍ ഉണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണം.

തര്‍ക്കങ്ങള്‍ ഉള്ള പള്ളികളില്‍ എത്ര വിശ്വാസികള്‍ ഇരു വിഭാഗത്തിനും ഉണ്ടെന്ന കണക്കും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറണം. കേസില്‍ ജനുവരി 29, 30 തിയതികളില്‍ വിശദമായ വാദം കേള്‍ക്കും. തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ കൈമാറ്റത്തില്‍ അതുവരെ തല്‍സ്ഥിതി തുടരാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

തര്‍ക്കത്തിലുള്ള എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ ഭരണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ ഡിസംബര്‍ മൂന്നിന് പുറപ്പടുവിച്ച ഉത്തരവില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

ഈ ഉത്തരവ് അടിയന്തിരമായി നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭയുടെ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ മലങ്കര സഭയിലെ പള്ളികളിലെ സെമിത്തേരി തര്‍ക്കം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ വിശദമായി വാദം കേള്‍ക്കുന്നതിനാല്‍ അത്തരം ഒരുത്തരവ് ഈ ഘട്ടത്തില്‍ പുറപ്പെടുവിക്കുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മലങ്കര സഭയുടെ എല്ലാ പള്ളികളിലും തല്‍സ്ഥിതി തുടരണം എന്ന നിര്‍ദേശമാണ് സുപ്രീം കോടതി ആദ്യം നല്‍കിയത്. എന്നാല്‍ തര്‍ക്കത്തില്‍ ഉള്ള ആറ് പള്ളികളിലേക്ക് അത് ചുരുക്കണമെന്ന് ഓര്‍ത്തഡോക്സ് സഭയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ഇതിനോടകം ഓര്‍ത്തഡോക്സ് സഭ ഭരണം ഏറ്റെടുത്ത പള്ളികളിലും ഈ ഉത്തരവ് പ്രശ്നമാകും എന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്നാണ് തല്‍സ്ഥിതി ആറ് പള്ളികളില്‍ മാത്രമായി സുപ്രീം കോടതി നിജപ്പെടുത്തിയത്. തര്‍ക്കത്തിലുള്ള പള്ളികളില്‍ എന്തെങ്കിലും ക്രമസമാധാന പ്രശനങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മലങ്കര സഭയിലെ പള്ളി സെമിത്തേരികളില്‍ യാക്കോബായ പുരോഹിതര്‍ ശവസംസ്‌കാര ശുശ്രൂഷ ചെയ്യുന്നത് തടയുന്നത് എന്തിനെന്ന് സുപ്രീം കോടതി വാക്കാല്‍ ആരാഞ്ഞു. ശവസംസ്‌കാര ശുശ്രൂഷ സംബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ രണ്ട് സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ടെന്ന് യാക്കോബായ വിഭാഗം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

ആദ്യ സത്യവാങ്മൂലത്തില്‍ നിയമസഭ പാസാക്കിയ സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ശവസംസ്‌കാര ശുശ്രൂഷ നടപടികള്‍ എന്നാണ് വ്യക്തമാക്കിയത്. എന്നാല്‍ അധിക സത്യവാങ്മൂലത്തില്‍ സെമിത്തേരി നിയമം അംഗീകരിക്കുന്നില്ലെന്നും 1934 ലെ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ആണ് ശവസംസ്‌കാര ശുശ്രൂഷാ നടപടികള്‍ നടത്തേണ്ടത് എന്ന നിലപാടുമാണ് സ്വീകരിച്ചത്.

ആദ്യ നിലപാടില്‍ നിന്ന് പിന്നാക്കം പോകാനായിരിക്കും രണ്ടാമത്തെ സത്യവാങ്മൂലം ഫയല്‍ ചെയ്തതെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. എന്നാല്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ആധ്യാത്മിക നേതാവ് ആണെന്നും അദേഹം നിലപാട് മാറ്റിയെന്ന് താന്‍ പറയില്ലെന്നും യാക്കോബായ സഭയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ശ്യാം ദിവാന്‍ അഭിപ്രായപ്പെട്ടു.

മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934 ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന വിധി സഭയ്ക്ക് കീഴില്‍ ഉള്ള എല്ലാ പള്ളികള്‍ക്കും ബാധകമാകുമോ എന്ന സംശയവും കോടതി ഉന്നയിച്ചു. കേരളത്തിന് പുറത്തും മലങ്കര സഭയ്ക്ക് പള്ളികള്‍ ഉണ്ടെന്നും അതിനാല്‍ ആ പള്ളികള്‍ക്കും ഈ ഉത്തരവ് ബാധകമാകുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ഏത് പള്ളിയുടെ കേസുകളിലാണ് വിധി പുറപ്പെടുവിച്ചത്, ആ പള്ളികള്‍ക്ക് മാത്രമാണ് ഉത്തരവ് ബാധകമാകുക എന്ന നിരീക്ഷണമാണ് സുപ്രീം കോടതി നടത്തിയത്. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ കേസിലാണ് സുപ്രീം കോടതി 2017 ലെ വിധി പുറപ്പടുവിച്ചത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവര്‍ ഹാജരായി. ഓര്‍ത്തഡോക്സ് സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ കെ.കെ വേണുഗോപാല്‍, സി.യു സിങ്, കൃഷ്ണന്‍ വേണുഗോപാല്‍, അഭിഭാഷകന്‍ ഇ.എം.എസ് അനാം എന്നിവര്‍ ഹാജരായി.

യാക്കോബായ സഭയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ രഞ്ജിത്ത് കുമാര്‍, ശ്യാം ദിവാന്‍, പി.വി ദിനേശ്, അഭിഭാഷകരായ എ. രഘുനാഥ്, പി.കെ മനോഹര്‍, സനന്ദ് രാമകൃഷ്ണന്‍ എന്നിവരാണ് ഹാജരായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.