സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എം പോക്‌സ് സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എം പോക്‌സ് സ്ഥിരീകരിച്ചു; ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

കണ്ണൂര്‍: കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരാള്‍ക്കു കൂടി എം പോക്‌സ് സ്ഥിരീകരിച്ചു. തലശേരിയില്‍ നിന്നും ചികിത്സക്കെത്തിയ വ്യക്തിയിലാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇതോടെ കണ്ണൂര്‍ ജില്ലയില്‍ രണ്ട് എം പോക്‌സ് കേസുകളായി. ദുബായില്‍ നിന്നാണ് ഇയാള്‍ നാട്ടിലെത്തിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തുടര്‍ന്നുള്ള പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇതോടെ രോഗിയെ പ്രത്യേക പരിചരണ വിഭാഗത്തിലേക്ക് മാറ്റി. നേരത്തെ അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിയായ ഇരുപത്താറുകാരനില്‍ രോഗം കണ്ടെത്തിയിരുന്നു.

എം പോക്‌സ് സ്ഥിരീകരിച്ച രണ്ട് പേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എട്ടാം നിലയില്‍ പ്രത്യേകമായി ഒരുക്കിയ വാര്‍ഡില്‍ ചികിത്സക്കായി ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കുന്നതിനുള്‍പ്പെടെയുള്ള നടപടികളും കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു.

അതിനിടെ, എം പോക്സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു. യു.എ.ഇ.യില്‍ നിന്നും വന്ന വയനാട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയിരുന്നു.

ചികിത്സയിലുള്ളവരുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ ഐസൊലേഷന്‍ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍.ആര്‍.ടി) യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

പൊതുവേ എം പോക്സ് രോഗ ലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷമാണ് രോഗം പകരുന്നത്. സമ്പര്‍ക്കമുണ്ടായാല്‍ 21 ദിവസം ശ്രദ്ധിക്കേണ്ടതാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എം പോക്സ് രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഐസൊലേഷനില്‍ തുടരേണ്ടതും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതുമാണ്. എയര്‍പോര്‍ട്ടുകളിലുള്‍പ്പെടെ അവബോധം ശക്തിപ്പെടുത്തിയിട്ടുണ്ട്.

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എംപോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗ വ്യാപന സാധ്യത കൂടുതലാണ്. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്.

ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ പാലിക്കാതെ അടുത്തിടപഴകുന്നവരിലേക്കാണ് എംപോക്സ് പകരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.