ഇലോണ്‍ മസ്‌ക് വിദ്യാഭ്യാസ മേഖലയിലേക്കും; ടെക്‌സാസില്‍ പ്രീ സ്‌കൂള്‍ തുറന്നു

ഇലോണ്‍ മസ്‌ക് വിദ്യാഭ്യാസ മേഖലയിലേക്കും; ടെക്‌സാസില്‍ പ്രീ സ്‌കൂള്‍ തുറന്നു

ഓസ്റ്റിന്‍: ടെക്‌സാസിലെ ബാസ്‌ട്രോപ്പില്‍ സ്വകാര്യ പ്രീ സ്‌കൂള്‍ ആരംഭിച്ച് ഇലോണ്‍ മസ്‌ക്. ലാറ്റിന്‍ ഭാഷയില്‍ 'നക്ഷത്രങ്ങളിലേക്ക് ' എന്നര്‍ത്ഥമുള്ള 'ആഡ് അസ്ട്ര' എന്ന് പേരിട്ടിരിക്കുന്ന മോണ്ടിസോറി പ്രീ സ്‌കൂളിലേക്ക് അഡ്മിഷനും ആരംഭിച്ചിരിക്കുകയാണ്. ശാസ്ത്രം, സാങ്കേതിക വിദ്യ, എന്‍ജിനീയറിങ്, ഗണിതം എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമ്പരാഗത രീതിയില്‍ നിന്ന് മാറിയുള്ള പഠന രീതിയാണ് ഈ സ്‌കൂളിലുണ്ടാവുക.

21 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനുള്ള പ്രാഥമിക അനുമതിയാണ് ടെക്‌സാസ് സ്റ്റേറ്റ് അധികൃതര്‍ സ്‌കൂളിന് നല്‍കിയിരിക്കുന്നത്. 40 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ചിരിക്കുന്ന 4000 ചുരശ്രയടി കെട്ടിടത്തിലാണ് സ്‌കൂളിന്റെ പ്രവര്‍ത്തനം.

2024-25 വര്‍ഷത്തേക്കുള്ള അഡ്മിഷന് വേണ്ടിയുള്ള അപേക്ഷകളാണ് സ്‌കൂള്‍ ക്ഷണിച്ചിരിക്കുന്നത്. മൂന്ന് വയസ് മുതല്‍ ഒമ്പത് വയസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ട് അധിഷ്ഠിതമാണ് ഇവിടുത്തെ വിദ്യാഭ്യാസം. സഹ അധ്യാപകര്‍ക്കായുള്ള തൊഴിലവസരവും സ്‌കൂള്‍ തുറന്നിട്ടുണ്ട്.

തുടക്കത്തില്‍ കൂടുതല്‍ കുടുംബങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി ഫീസില്‍ ഇളവുകളുണ്ടാവും. ക്രമേണ മറ്റ് സ്വകാര്യ സ്‌കൂളുകള്‍ക്ക് സമാനമായ നിരക്കില്‍ ഫീസ് തീരുമാനിക്കും.

നിലവിലെ വിദ്യാഭ്യാസ രീതികളില്‍ സമൂല മാറ്റം വേണമെന്ന നിലപാടുകാരനാണ് ഇലോണ്‍ മസ്‌ക്, 2014 ല്‍ തന്റെ മക്കള്‍ക്കും തന്റെ കമ്പനി ജീവനക്കാരുടെ മക്കള്‍ക്കും പഠിക്കുന്നതിനായി കാലിഫോര്‍ണിയയിലെ ഹൊത്തോണില്‍ ആഡ് അസ്ട്ര എന്ന പേരില്‍ തന്നെ ഒരു സ്വകാര്യ സ്‌കൂളിന് മസ്‌ക് തുടക്കമിട്ടിരുന്നു. എന്നാല്‍ 2020 ല്‍ കോവിഡ് കാലയളവില്‍ ഈ സ്‌കൂള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും അസ്ട്ര നോവ എന്ന പേരില്‍ ഓണ്‍ലൈന്‍ സ്‌കൂളാക്കി മാറ്റുകയും ചെയ്തു.

2023 ലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതി മസ്‌ക് പ്രഖ്യാപിച്ചത്. ടെക്‌സസില്‍ എലമെന്ററി സ്‌കൂളും ഹൈസ്‌കൂളും സ്ഥാപിക്കുകയാണ് മസ്‌കിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 'ദി ഫൗണ്ടേഷന്‍' എന്ന് പേരിട്ടിരിക്കുന്ന ചാരിറ്റി സ്ഥാപനത്തിന് 10 ലക്ഷം കോടി ഡോളര്‍ മസ്‌ക് സംഭാവനയായി നല്‍കിയിരുന്നു. ഈ പദ്ധതിക്ക് മുന്നോടിയായാണ് ഇപ്പോള്‍ ഒരു മോണ്ടിസോറി സ്‌കൂള്‍ ആരംഭിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.