റിയാദ്: ജര്‍മനിയിലെ ക്രിസ്തുമസ് മാർക്കറ്റ് ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി സൗദി ഭരണകൂടം. കാറിടിച്ച് അഞ്ച് പേരെ കൊലപ്പെടുത്തിയ അപകടത്തിലെ പ്രതിയായ താലിബിനെക്കുറിച്ച് മുമ്പ് തന്നെ ജര്‍മന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി സൗദി ഭരണകൂടം അറിയിച്ചു.
താലിബിന്റെ തീവ്ര സ്വഭാവത്തെക്കുറിച്ച് സൗദി മന്ത്രാലയം ഇതിനുമുമ്പ് തന്നെ ജര്‍മന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
‘നോട്ട്‌സ് വെര്‍ബല്‍’ എന്നറിയപ്പെടുന്ന നാല് അറിയിപ്പുകള്‍ ജര്‍മനിയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ബെർലിനിലെ വിദേശകാര്യ മന്ത്രാലയത്തിനും സൗദി അയച്ചു നല്‍കിയതായാണ് വിവരം. എന്നാല്‍ ജര്‍മനി ഇതിനോട് പ്രതികരിച്ചില്ലെന്നും സൗദി ഭരണകൂടം പറഞ്ഞു.
നിലവില്‍ ജര്‍മനി നടത്തുന്ന അന്വേഷണത്തിന് സൗദി അറേബ്യ എല്ലാവിധ പിന്തുണയും നല്‍കുമെന്നും സൗദി ഭരണകൂടം അറിയിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് കൊണ്ടിരിക്കുകയാണെന്നും അതിനുശേഷം അവ ജര്‍മനിക്ക് കൈമാറുമെന്നും സൗദി അധികൃതര്‍ അറിയിച്ചു.
മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള പത്ത് ലക്ഷത്തിലധികം കുടിയേറ്റക്കാര്‍ക്ക് മുന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലിന്റെ കാലത്ത് ജര്‍മനി അഭയം നല്‍കിയിരുന്നു. ഇക്കാലയളവില്‍ തന്നെയാണ് താലിബും ജര്‍മനിയില്‍ എത്തുന്നത്. ഇപ്പോള്‍ ഏകദേശം പത്ത് വര്‍ഷത്തോളമായി താലിബ് ജര്‍മനിയില്‍ താമസം തുടങ്ങിയിട്ട്. എന്നാല്‍ ഒരു സൗദി പൗരന്‍ ആയിരുന്നിട്ടും ഇസ്‌ലാം വിരോധി ആയിരുന്നു ഇയാള്‍.
താലിബിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പുകളില്‍ ഇയാള്‍ ഒരു സൈക്യാട്രിസ്റ്റ് ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1974ല്‍ സൗദി പട്ടണമായ ഹോഫുഫില്‍ ആണ് തലേബിന്റെ ജനനം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇയാള്‍ സൗദി സ്ത്രീകളെ യൂറോപ്പിലേക്ക് പലായനം ചെയ്യാന്‍ സഹായിക്കുന്നതിന് ഒരു വെബ്സൈറ്റ് സ്ഥാപിച്ചതായും പറയപ്പെടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.