ന്യൂഡല്‍ഹി: കത്തോലിക്കാ സഭയിലെ പുതിയ കര്‍ദിനാള്‍ സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഡല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. ഒരു ഭാരതീയനായതില്‍ അഭിമാനമുണ്ടെന്നും സഭ നല്‍കിയ പുതിയ പദവി സ്വീകരിക്കുന്നതിനൊപ്പം ഇന്ത്യന്‍ പ്രസിഡന്റിനെ കാണാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് അറിയിച്ചു. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രാഷ്ട്രപതി ഭവനിലെത്തിയ കര്‍ദിനാള്‍ സംഘത്തെ രാഷ്ട്രപതി ബൊക്ക നല്‍കി സ്വീകരിച്ചു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാനാണ് കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട് ഡല്‍ഹിയിലെത്തിയത്. ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്.
കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട്, ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍ എന്നിവരോടൊപ്പം രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജോര്‍ജ് കുര്യന്‍ എക്‌സില്‍ കുറിച്ചു. സന്ദര്‍ശനത്തിന്റെ ചിത്രവും അദ്ദേഹം എക്‌സില്‍ പങ്കുവച്ചു
സി.ബി.സി.ഐ സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കര്‍ദിനാള്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വത്തിക്കാനിലെ ഉന്നത പദവിയില്‍ ഭാരതത്തിന്റെ പുത്രന്‍ എത്തുന്നതില്‍ തനിക്കഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ക്കിടെ മാര്‍ കൂവക്കാടിനെ പ്രധാനമന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.
ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധി എന്നിവരെയും പുതിയ കര്‍ദിനാള്‍ വസതിയിലെത്തി സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് സംഘടനാകാര്യ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയും സന്നിഹിതനായിരുന്നു
വത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ സേവനം ചെയ്യവെയാണ് വൈദികനായിരുന്ന മാര്‍ കൂവക്കാടിനെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദിനാളായി ഉയര്‍ത്തിയത്. ഒരു ഇന്ത്യന്‍ വൈദികന്‍ ആര്‍ച്ച് ബിഷപ്പാകും മുന്‍പ് നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയരുന്നത് ചരിത്രത്തിലാദ്യമായാണ്. മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദിനാള്‍ സംഘത്തിലെ ഒരംഗമായി മാറിയിരിക്കുകയാണ് ചങ്ങനാശേരി അതിരൂപതാംഗവും മാര്‍പാപ്പയുടെ യാത്രകളുടെ ചുമതലയുള്ള സെക്രട്ടറി ഒഫ് ദി സ്റ്റേറ്റുമായ ഈ 51കാരന്‍.
ചങ്ങനാശേരി മാമ്മൂട് കൂവക്കാട് കുടുംബാംഗമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശേരി എസ്.ബി കോളജില്‍ ബി.എസ്.സിക്ക് പഠിക്കവേ, കാത്തലിക് സ്റ്റുഡന്റ്‌സ് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.
2004 ജൂലായ് 24ന് മാര്‍ ജോസഫ് പൗവ്വത്തിലില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തിയോളജി പഠനത്തിനായി മാര്‍ പൗവ്വത്തില്‍ നേരിട്ട് റോമിലേക്ക് അയച്ച ആദ്യ വിദ്യാര്‍ത്ഥിയായിരുന്നു. അവിടെ നിന്ന് ഡോക്ടറേറ്റും നേടി. ഇതിനിടെ പറേല്‍ സെന്റ് മേരീസ് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി. 2006 മുതല്‍ വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നു. 2020ല്‍ പ്രെലേറ്റ് പദവി നല്‍കി. സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലും പ്രാവീണ്യം നേടി. വത്തിക്കാന്‍ നയതന്ത്ര സര്‍വീസില്‍ ചേര്‍ന്നശേഷം അള്‍ജീറിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാന്‍, കോസ്റ്ററിക്ക എന്നിവിടങ്ങളില്‍ അപ്പോസ്തലിക് നുണ്‍ഷ്യോയുടെ സെക്രട്ടറിയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.