വത്തിക്കാൻ സിറ്റി: ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലുള്ള കാരാഗൃഹത്തിൽ വിശുദ്ധ വാതിൽ തുറന്ന് ഫ്രാൻസിസ് മാർപാപ്പ. സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിശുദ്ധ വാതിൽ തടവറയിൽ തുറക്കുന്നത്.
സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫൻറെ തിരുന്നാൾ ദിനത്തിൽ ഡിസംബർ 26 നാണ് ഫ്രാൻസീസിസ് പാപ്പാ റോമിലെ റെബീബിയയിലുള്ള തടവറയുടെ പുതിയ വിഭാഗത്തിൽ വിശുദ്ധ വാതിൽ തുറന്നത്.
മുൻകൂട്ടി തയ്യാറാക്കിയിരുന്ന സുവിശേഷ പ്രഭാഷണം മാറ്റിവച്ച പാപ്പാ മനോധർമ്മമനുസരിച്ച് തടവുകാരോട് ചിന്തകൾ പങ്കുവെച്ചു. വിശുദ്ധ വാതിൽ തുറക്കുക എന്നാൽ ഹൃദയം തുറക്കുക എന്നാണ് അർത്ഥമാക്കുന്നത് എന്ന് പാപ്പ പറഞ്ഞു. അതാണ് സാഹോദര്യം ഉളവാക്കുന്നത്. അടഞ്ഞ കഠിന ഹൃദയങ്ങൾ മികച്ച ജീവിതത്തിന് ഉപകരിക്കില്ലെന്ന് പ്രസ്താവിച്ച പാപ്പാ ഈ ജൂബിലിയുടെ അനുഗ്രഹം പ്രത്യാശയിലേക്ക് ഹൃദയം തുറക്കുക എന്നതാണെന്ന് ഉദ്ബോധിപ്പിച്ചു.
മോശമായ കാര്യങ്ങളെക്കുറിച്ചു ചിന്തിച്ച് എല്ലാം കഴിഞ്ഞെന്ന് വിചാരിച്ചാൽ ഒന്നും പരിഹരിക്കാനാകില്ല. എന്നാൽ പ്രത്യാശ നിരാശപ്പെടുത്തില്ലെന്നും പാപ്പാ കൂട്ടിച്ചേർത്തു. നമ്മുടെ പ്രത്യാശ ഭൂമിയിലെ നങ്കൂരം പോലെയാണെന്നും നങ്കൂരത്തിൻറെ കയറിലായിരിക്കണം നമ്മുടെ കൈപിടിക്കേണ്ടതെന്നും പാപ്പ പറഞ്ഞു. മറ്റൊന്ന് നമ്മുടെ ഹൃദയത്തിൻറെ വാതിൽ എപ്പോഴും മലർക്കെ തുറന്നിടലാണെന്നനുസ്മരിച്ച പാപ്പാ പ്രത്യാശയെ മുറുകെപിടിക്കണമെന്ന് ഓർമ്മിപ്പിച്ചു.
റോമിലെ ഇതര പേപ്പൽ ബസിലിക്കകളായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയുടെ വിശുദ്ധ വാതിൽ ഡിസംബർ 29-നും വിശുദ്ധ മേരി മേജർ ബസിലിക്കയുടെ 2025 ജനുവരി ഒന്നിനും വിശുദ്ധ പൗലോസിന്റെ ബസിലിക്ക ജനുവരി അഞ്ചിനും ആയിരിക്കും തുറക്കപ്പെടുക. പ്രത്യാശയുടെ തീർത്ഥാടകർ" എന്ന അർത്ഥവത്തായ ഒരു ആപ്തവാക്യമാണ് ഫ്രാൻസിസ് പാപ്പ 2025-ലെ ജൂബിലിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
2026 ജനുവരി ആറിന് യേശുവിന്റെ പ്രത്യക്ഷീകരണ തിരുനാൾ ദിനത്തിൽ ജൂബിലി വർഷം ഔദ്യോഗികമായി സമാപിക്കും. വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും നവീകരണത്തിന്റെയും അനുഭവം പ്രദാനം ചെയ്യുന്ന ജൂബിലി ആഘോഷങ്ങളിൽ ആരോഗ്യ പ്രവർത്തകർ മുതൽ സൈനിക ഉദ്യോഗസ്ഥർ വരെ, കുടുംബങ്ങൾ മുതൽ പാർശ്വവൽക്കരിക്കപ്പെട്ടവർ വരെ എല്ലാ വിഭാഗത്തിലുള്ളവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിശ്വാസികൾക്ക് വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാനും പുണ്യപ്രവൃത്തികൾ ചെയ്യാനും അവരുടെ പാപങ്ങൾ മോചിക്കുവാനുമുള്ള പ്രത്യേക അവസരമാണ് ജൂബിലി. സാധാരണയായി 25 വർഷത്തിലൊരിക്കലാണ് കത്തോലിക്ക സഭയിൽ ജൂബിലി ആചരിക്കുന്നത്. ജൂബിലി 2025 വെബ്‌സൈറ്റിൽ ജൂബിലി വർഷത്തിൽ വത്തിക്കാനിൽ നടക്കുന്ന പ്രധാന പരിപാടികളുടെ കലണ്ടർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പരിപാടികൾക്ക് ഓൺലൈൻ രജിസ്‌ട്രേഷനും ലഭ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.