കൊച്ചി : ഉമ തോമസ് എംഎൽഎ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽ വഴുതി വീണ് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്തപരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘാടകർക്കെതിരെ കേസെടുത്തത്.
പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ പൊലീസ് സ്റ്റേഡിയത്തിലെത്തി അപകടസ്ഥലം പരിശോധിച്ചിരുന്നു. 12 അടി ഉയരത്തിലാണ് ഗാലറി ക്രമീകരിച്ചിരുന്നത്. 55 അടി നീളമുള്ള സ്റ്റേജിൽ എട്ടടി വീതിയിലാണ് കസേരകൾ ഇടാൻ സ്ഥലം ക്രമീകരിച്ചത്. എഡിജിപി മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരമാണ് കൊച്ചി പൊലീസ് കേസെടുത്തത്.
ഗിന്നസ് റെക്കോഡിനായി നടന്ന നൃത്തപരിപാടിക്കിടെയാണ് അപകടമുണ്ടായത്. വേദിയിലെത്തിയ ഉമ തോമസ് കാൽവഴുതി 15 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. താഴെയുണ്ടായിരുന്ന കോൺക്രീറ്റ് സ്ലാബുകളിൽ തലയിടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്.
നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഉമ തോമസ്. നിലവിളക്ക് കത്തിക്കാൻ വേണ്ടി മാത്രം താൽക്കാലികമായി തയാറാക്കിയ വേദിയാണെന്നാണ് പരിപാടിയുടെ ചുമതലയുണ്ടായിരുന്ന ഇവന്റ് മാനേജ്‌മെന്റ് സംഘത്തിന്റെ വിശദീകരണം. വേദിക്ക് മുമ്പിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തിമായിരുന്നു. റിബൺ കെട്ടിയ സ്റ്റീൽ പൈപ്പുകൾ മാത്രമാണ് സൂചനയായി വെച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.