സുഹൃത്തിനെ കുത്തിക്കൊന്ന സംഭവം; ഓസ്ട്രേലിയൻ പൗരന് ജീവപര്യന്തം ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി

സുഹൃത്തിനെ കുത്തിക്കൊന്ന സംഭവം; ഓസ്ട്രേലിയൻ പൗരന് ജീവപര്യന്തം ശിക്ഷ വിധിച്ച് ദുബായ് ക്രിമിനൽ കോടതി

ദുബായ്: ദുബായിലെ അപ്പാര്‍ട്ട്മെന്‍റില്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി രാജ്യം വിടാന്‍ ശ്രമിച്ച ഓസ്ട്രേലിയക്കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച് ദുബായ് ക്രിമിനല്‍ കോടതി. 2022 ഒക്ടോബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ജുമൈറ ബീച്ച് റസിഡൻസിലാണ് തർക്കത്തിനിടെ കൊലപാതകം നടന്നത്. കുറ്റകൃത്യത്തിന് ശേഷം പ്രതി നാട് വിടാൻ ശ്രമിച്ചുവെങ്കിലും പൊലീസിന്റെ പിടിയിലാവുകയായിരുന്നു. പിറ്റേന്ന് രാവിലെ അക്രമിയുടെ വനിതാ സുഹൃത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവ ദിവസം പ്രതിയുടെ പിതാവ് അപ്പാര്‍ട്ട്മെന്‍റില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ കൊലപാതകം നടക്കുമ്പോള്‍ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

കൊലപാതകത്തെക്കുറിച്ച് അറിയാതെയാണ് തന്നെ അപ്പാര്‍ട്ട്മെന്‍റിലേക്ക് വിളിച്ചുവരുത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പിതാവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് മകനോട് ചോദിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. എന്നാല്‍ കുറ്റകൃത്യത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുന്നതിന് പകരം മകന് ഷാര്‍ജയില്‍ ഒരു ഹോട്ടല്‍ റൂം ബുക്ക് ചെയ്യുകയും ഓസ്ട്രേലിയയില്‍ താമസിക്കുന്ന മറ്റൊരു മകനുമായി കൂടിയാലോചിച്ച് പ്രതിയായ മകനെ ഓസ്ട്രേലിയയിലേക്ക് അയക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു.

എന്നാല്‍, പിറ്റേന്ന് ഷാര്‍ജയിലെ ഹോട്ടലില്‍വെച്ച് പ്രതിയെ പൊലീസ് പിടികൂടി. ആസൂത്രിത കൊലപാതകമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. ജീവപര്യന്തം തടവ് ശിക്ഷ കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തണമെന്നും ഉത്തരവില്‍ പറയുന്നു. വിധിക്കെതിരെ രണ്ടാഴ്ചക്കുള്ളില്‍ അപ്പീല്‍ നല്‍കാം. സാധാരണ ഗതിയില്‍ 25 വര്‍ഷമാണ് യുഎഇയിലെ ജീവപര്യന്തം തടവ് ശിക്ഷയുടെ കാലാവധി. കുറ്റകൃത്യം പൊലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് പിതാവിനെതിരെ കേസെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.