ജനുവരി 25 നകം ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ടൗണ്‍ഷിപ്പ് പദ്ധതികള്‍. ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയും കല്‍പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് മോഡല്‍ ടൗണ്‍ഷിപ് നിര്‍മിക്കുന്നത്.
കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിര്‍മിക്കുക. നെടുമ്പാല എസ്റ്റേറ്റില്‍ പത്ത് സെന്റ് സ്ഥലത്തായിരിക്കും 1000 ചതുരശ്ര അടിയിലുള്ള വീടുകള്‍ നിര്‍മിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഭൂമിയുടെ വില അടിസ്ഥാനമാക്കിയാണ് അഞ്ച്, പത്ത് സെന്റുകള്‍ തീരുമാനിച്ചത്. ജനുവരി 25 നകം ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സ്‌കൂള്‍, ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം. വാണിജ്യ കെട്ടിടങ്ങള്‍, അംഗന്‍വാടി, മൃഗാശുപത്രി, മാര്‍ക്കറ്റ്, സ്പോര്‍ട്സ് ക്ലബ്, ലൈബ്രറി ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടു കൂടിയ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് പദ്ധതി.
വീടുകളുടെ ഡിസൈനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് നില കെട്ടുന്നതിനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് തറ പണിയുക. ടൗണ്‍ഷിപ്പിന്റെ രൂപരേഖയുടെ വീഡിയോ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. കിഫ്ബി തയ്യാറാക്കിയ രൂപരേഖ പ്രകാരം ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.
മേല്‍നോട്ടത്തിന് മൂന്ന് സമിതിയെ രൂപീകരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ സമിതി, നിര്‍മാണ മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി, കളക്ടറുടെ നേതൃത്വത്തില്‍ ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി എന്നിവയാണവ. പദ്ധതിക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങും. പുനരധിവാസത്തിന് സ്‌പെഷല്‍ ഓഫീസറെ നിയമിക്കും.
കേന്ദ്രത്തിന്റെ എല്‍ 3 പ്രഖ്യാപന കത്തില്‍ സഹായത്തെ കുറിച്ച് പരാമര്‍ശം ഇല്ല. വീട് തകര്‍ന്നവര്‍ക്കും വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീടുള്ളവര്‍ക്കും പുനരധിവാസം ഒരുമിച്ചായിരിക്കും നല്‍കുക. കൂടുതല്‍ വീടുകള്‍ വേണ്ടി വരും. വീടിന്റെ ഉടമസ്ഥത ഗുണഭോക്താക്കള്‍ക്ക് തന്നെയായിരിക്കും. എന്നാല്‍ കൈമാറ്റത്തിന് ചെറിയ നിബന്ധനകളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.