തൃശൂര്‍: തൃശൂര്‍ അതിരൂപതയ്ക്ക് കീഴിലെ പാലയൂര്‍ പള്ളിയില്‍ ക്രിസ്മസ് കരോള്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജനുവരി 15 നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബിന്റെ പരാതിയിലാണ് നടപടി. ഡിസംബര്‍ 23 നാണ് പാലയൂര്‍ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് കരോള്‍ പാടുന്നത് ചാവക്കാട് എസ്.ഐ വിജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് വിലക്കിയത്.
ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് പറഞ്ഞായിരുന്നു പോലീസ് നടപടി. പള്ളിമുറ്റത്ത് കൊടി മരത്തിന് സമീപം ചെറിയ വേദിയൊരുക്കി അതിന് മുകളിലാണ് കരോള്‍ പാടാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കരോള്‍ നടത്തിയാല്‍ വേദിയിലൊരുക്കിയ നക്ഷത്രങ്ങളും മറ്റും വലിച്ചെറിയുമെന്ന് എസ്.ഐ. വിജിത്ത് ഭിഷണിപ്പെടുത്തിയതായാണ് പള്ളി ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞത്.
ഇടവക അംഗങ്ങളില്‍ ചിലര്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്ന് എസ്.ഐയ്ക്ക് ഫോണ്‍ നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടെങ്കിലും സംസാരിക്കാന്‍ എസ്.ഐ തയ്യാറായില്ല.
തുടര്‍ന്ന് ഉന്നത പൊലീസ് അധികാരികളെ സുരേഷ് ഗോപി വിളിച്ചെങ്കിലും കരോള്‍ ഗാനത്തിന് പൊലീസ് അനുമതി നല്‍കിയില്ല. പള്ളിയങ്കണത്തിലായതിനാലാണ് മൈക്ക് അനുമതി തേടാതിരുന്നതെന്നാണ് ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞത്. സംഭവത്തിന് പിന്നാലെ ചാവക്കാട് എസ്.ഐ വിജിത്തിനെ പേരാമംഗലം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.