കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രത്യേക സിബിഐ കോടതിയുടെ വിധിപ്പകര്‍പ്പ് പുറത്ത്.
ശാസ്ത്രീയ തെളിവുകളാണ് കേസില്‍ പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ നിര്‍ണായകമായതെന്നാണ് കോടതി വിധിയില്‍ പറയുന്നത്. ശാസ്ത്രീയ തെളിവുകള്‍ക്കൊപ്പം പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ മാധ്യമ പ്രവര്‍ത്തകന്റെ മൊഴിയും ഏറെ നിര്‍ണായകമായെന്നും വിധി പകര്‍പ്പില്‍ പറയുന്നു. ദീപിക ലേഖകന്‍ മാധവന്റെ മൊഴിയാണ് നിര്‍ണായകമായത്.
അക്രമ രാഷ്ട്രീയം മൂലം രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ട കേസാണിതെന്ന് പറഞ്ഞുകൊണ്ടാണ് കോടതി വിധി പ്രസ്താവന ആരംഭിക്കുന്നത്. ചെറു പ്രായത്തിലെ രണ്ട് യുവാക്കള്‍ അക്രമ രാഷ്ട്രീയത്തിന്റെ ഇരകളായെന്നും ഇതോടെ രണ്ടു കുടുംബങ്ങളെയാണ് തീരാ ദുഖത്തിലാഴ്ത്തിയതെന്നും കോടതി വിധിയില്‍ പറയുന്നു.
മരിച്ച രണ്ടു പേരുടെയും ഡിഎന്‍എ സാമ്പിളുകള്‍ കൊലയ്ക്ക് ഉപയോഗിച്ച വാളില്‍ കണ്ടെത്തി. കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളുടെ രക്തം ആയുധത്തിലും കണ്ടെത്തി. പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചുവെന്ന് ശിക്ഷാ വിധിയില്‍ കോടതി വ്യക്തമാക്കി.
കേസില്‍ 10 പ്രതികള്‍ക്കാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ വീതം പിഴയും വിധിച്ചത്. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവും 10,000 രൂപ വീതം പിഴയും വിധിച്ചു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.