ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി നല്കി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്. 2700 കോടിരൂപയ്ക്ക് വീട് പണിത, 8400 കോടിയുടെ വിമാനത്തില്‍ പറക്കുന്ന 10 ലക്ഷത്തിന്റെ കോട്ട് ധരിക്കുന്ന ഒരാളില്‍ നിന്ന് ശീഷ്മഹല്‍ പരാമര്‍ശം വരുന്നത് ശരിയല്ലെന്നായിരുന്നു കെജ്രിവാളിന്റെ മറുപടി.
ബിജെപിയുടെ പാര്‍പ്പിട വാഗ്ദാനം പകുതിയിലധികവും നടന്നിട്ടില്ലെന്നും കെജ്രിവാള് കുറ്റപ്പെടുത്തി. ദുരന്തം ഡല്‍ഹിയിലല്ല ബി.ജെ.പിയിലാണെന്നും അദേഹം പറഞ്ഞു. ആദ്യത്തെ ദുരന്തമെന്തെന്നാല്‍ ബി.ജെ.പിക്ക് ഡല്‍ഹിയില്‍ അവതരിപ്പിക്കാന്‍ ഒരു മുഖ്യമന്ത്രിയുടെ മുഖമില്ല എന്നതാണ്. രണ്ടാമത് ബിജെപിക്ക് പറയാന്‍ പ്രത്യേകിച്ച് കാരണങ്ങളില്ല. മൂന്നാമത് ഡല്‍ഹി തിരഞ്ഞെടുപ്പിനായി യാതൊരു അജണ്ടയും ഇല്ലെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
2022 ഓടെ എല്ലാവര്ക്കും വീട് നല്‍കുമെന്ന് 2020 ലെ പ്രകടന പത്രികയില്‍ ബി.ജെ.പി പറഞ്ഞിരുന്നെങ്കിലും 2025 എത്തിയപ്പോഴും അത് പ്രാവര്ത്തികമാക്കാനായില്ലെന്ന് കെജരിവാള്‍ വ്യക്തമാക്കി. 2025 ല്‍ 1700 വീടുകളുടെ താക്കോലും അതിന് മുമ്പ് 3000 വീടുകളുടെ താക്കോലുകളുമാണ് നല്‍കിയത്. അതായത് അഞ്ച് വര്‍ഷത്തിനിടെ പ്രാവര്‍ത്തികമാക്കാനായത് 4700 വീടുകളാണ്. വാഗ്ദാനവും അത് നിറവേറ്റലും തമ്മിലുള്ള വിടവാണ് ഇവിടെ പ്രകടമാകുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയിലെ ഭവന പ്രതിസന്ധിയേക്കുറിച്ചും കെജ്രിവാള് പറഞ്ഞു. ഡല്‍ഹിയില്‍ നാല് ലക്ഷം ചേരികളാണുള്ളത്. പതിനഞ്ച് ലക്ഷം പേര്‍ക്ക് വീടുകളാവശ്യമാണ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പത്രിക അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനുദേശിച്ചല്ല മറിച്ച് ഇരുനൂറ് വര്ഷത്തിലേക്കുള്ളതാണെന്ന് തോന്നുന്നുവെന്നും കെജ്രിവാള് പരിഹസിച്ചു. ഡല്‍ഹിയില്‍ ചേരി നിവാസികള്‍ക്കുള്ള ഭവന പദ്ധതി ഉദ്ഘാടനം ചെയ്യവേയാണ് നരേന്ദ്ര മോഡി കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. അണ്ണാഹസാരെയെ മുഖമാക്കിയാണ് ആം ആദ്മി അധികാരത്തില്‍ വന്നതെന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഈ പാര്‍ട്ടി വലിയ ദുരന്തമായെന്നും മോഡി കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.