പുതുവര്‍ഷത്തില്‍ തായ്‌വാന് ചൈനയുടെ ഭീഷണി; തങ്ങളുടെ പുനരേകീകരണം തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഷീ ജിങ്പിങ്

പുതുവര്‍ഷത്തില്‍ തായ്‌വാന് ചൈനയുടെ ഭീഷണി; തങ്ങളുടെ പുനരേകീകരണം തടയാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഷീ ജിങ്പിങ്

ബീജിങ്: പുതുവത്സര ദിനത്തില്‍ തായ്‌വാന് മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്. തായ്വാനുമായുള്ള ചൈനയുടെ പുനരേകീകരണം ഒരാള്‍ക്കും തടയാനാവില്ലെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞു. തയ്‌വാന്റെ ഇരുവശത്തുമുള്ള ജനങ്ങള്‍ ഒരു കുടുംബമാണ്. അവരുടെ കൂടിച്ചേരല്‍ ആര്‍ക്കും തടയാനാവില്ല. ചരിത്രപരമായ ഒത്തുചേരല്‍ ഉണ്ടാകുമെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷീ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തയ്‌വാനില്‍ ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. നിരന്തരമായി യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ച് രാജ്യത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യം. ഇതിനിടെയാണ് പുതുവത്സരദിനത്തില്‍ ഷീയുടെ വിവാദ പ്രസ്താവന കൂടി പുറത്ത് വരുന്നത്.

ജനാധിപത്യപരമായി ഭരിക്കുന്ന തായ്വാനെ ചൈന സ്വന്തം പ്രദേശമായാണ് കണക്കാക്കുന്നത്. അതേസമയം തായ്വാന്‍ സര്‍ക്കാര്‍ ചൈനയുടെ അവകാശവാദങ്ങള്‍ അവഗണിക്കുകയാണ്. തായ്‌വാനെ നിയന്ത്രണത്തിലാക്കാന്‍ ഇതുവരെ ഒരു ആക്രമണത്തിന് ചൈന മുതിര്‍ന്നിട്ടില്ല. യു.എസ് ഉള്‍പ്പടെയുള്ള പാശ്ചാത്യ ലോകരാജ്യങ്ങളുടെ പിന്തുണ തായ്‌വാനുണ്ട്. തായ്‌വാന് യു.എസ് ആയുധങ്ങള്‍ നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ ചൈന യു.എസിനോട് ശക്തമായ പ്രതിഷേധ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആയുധ വില്‍പനയില്‍ നിന്ന് പിന്മാറാന്‍ യു.എസ് ഇതുവരെ തയാറായിട്ടില്ല.

കഴിഞ്ഞ പുതുവത്സര ദിനത്തിലും സമാനമായ പ്രസ്താവന ഷീ ജിങ്പിങ് നടത്തിയിരുന്നു. അന്നും കൂടിച്ചേരല്‍ വൈകില്ലെന്ന് ചൈനീസ് പ്രസിഡന്റ് അവകാശപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.