എന്‍.എസ്.എസ് നിര്‍ണായക ഘട്ടങ്ങളില്‍ അഭയം തന്നവര്‍; ബന്ധം മുറിച്ചു മാറ്റാനാവില്ലെന്ന് രമേശ് ചെന്നിത്തല

എന്‍.എസ്.എസ് നിര്‍ണായക ഘട്ടങ്ങളില്‍ അഭയം തന്നവര്‍;  ബന്ധം മുറിച്ചു മാറ്റാനാവില്ലെന്ന് രമേശ് ചെന്നിത്തല

പെരുന്ന: നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്)യുമായുള്ള 11 വര്‍ഷത്തെ അകല്‍ച്ചയ്ക്ക് അന്ത്യം കുറിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയിലെത്തി. 148-ാമത് മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതു സമ്മേളനം ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

എന്‍.എസ്.എസുമായുള്ളത് ഒരിക്കലും മുറിച്ചു മാറ്റാനാകാത്ത ബന്ധമാണെന്നും ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളില്‍ അഭയം തന്നത് എന്‍.എസ്.എസ് ആണെന്നും പറഞ്ഞ ചെന്നിത്തല, മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചത് ജീവിതത്തിലെ സൗഭാഗ്യമായി കാണുന്നുവെന്നും ഉദ്ഘാടകനായി അവസരം നല്‍കിയതിന് എന്‍.എസ്.എസിനോട് നന്ദി പറയുന്നതായും വ്യക്തമാക്കി.

രാജീവ് ഗാന്ധി, ഡോ. എസ് രാധാകൃഷ്ണന്‍, കെ.ആര്‍ നാരായണന്‍ തുടങ്ങിയ മഹാന്മാരായ നിരവധി വ്യക്തികളും ഉജ്വല നേതൃത്വങ്ങളും ഉദ്ഘാടനം ചെയ്ത വേദിയില്‍ തനിക്ക് അവസരം നല്‍കിയതിന് എന്‍.എസ്.എസിനോടും ജനറല്‍ സെക്രട്ടറിയോടും പൂര്‍ണമായ നന്ദിയും കടപ്പാടും രേഖപ്പെടുത്താന്‍ ഈ അവസരം വിനിയോഗിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്‍മാരില്‍ അഗ്രഗണ്യനാണ് മന്നത്ത് പത്മനാഭനെന്നും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണ് അദേഹമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.