ന്യൂ ഓർലീൻസിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ

 ന്യൂ ഓർലീൻസിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: പുതുവത്സര ദിനത്തിൽ അമേരിക്കയെ നടുക്കിയ ന്യൂ ഓർലിയാൻസിലെ ആക്രമണത്തിൽ അനുശോചനമറിയിച്ച് ഫ്രാന്‍സിസ് മാർപാപ്പ. ആക്രമണത്തിൽ അനേകര്‍ക്ക് ജീവന്‍ നഷ്ട്ടമായ വാർത്ത ഫ്രാൻസിസ് മാർപാപ്പ അഗാധമായ ദുഖത്തോടെയാണ് ശ്രവിച്ചതെന്ന് ന്യൂ ഓർലിയൻസ് ആർച്ച് ബിഷപ്പ് ഗ്രിഗറി അയ്മണ്ടിന് അയച്ച സന്ദേശത്തില്‍ പറയുന്നു.

പരിക്കേറ്റവരുടെയും ദുഖിതരുടെയും സൗഖ്യത്തിനും ആശ്വാസത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിൻ്റെ സ്‌നേഹനിർഭരമായ കരുണയ്‌ക്ക് സമർപ്പിക്കുകയാണെന്നും പാപ്പ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനാണ് സന്ദേശം അയച്ചത്.

ന്യൂ ഓര്‍ലീന്‍സിലെ ബര്‍ബണ്‍ സ്ട്രീറ്റില്‍ പുലര്‍ച്ച 3.15 നായിരുന്നു ആയിരുന്നു ആക്രമണം. പ്രതി ഷംസുദ്ദിന്‍ ജബാര്‍ യുഎസ് പൗരനും മുന്‍ സൈനിക ഉദ്യോഗസ്ഥനും ആയിരുന്നുവെന്നു എഫ്ബിഐ സ്ഥിരീകരിച്ചു.ഇയാളുടെ ട്രക്കിൽ ഐഎസ് പതാക ഉണ്ടായിരുന്നതായി എഫ്ബിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയതായും എഫ്ബിഐ അറിയിച്ചു. ആക്രമണത്തിന് ഭീകര സ്വഭാവമുള്ളതായും അന്വേഷണം നടക്കുകയാണെന്നും എഫ് ബി ഐ പറഞ്ഞു.

സൈന്യത്തില്‍ ഐടി സ്‌പെഷ്യലിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്ന ഷംസുദ്ദീൻ ജബാര്‍ ഹൂസ്റ്റണില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റായിരുന്നു എന്ന് എഫ്ബിഐ അറിയിച്ചു. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇയാള്‍ യൂട്യൂബില്‍ വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിഡിയോകള്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. 2002ല്‍ മോഷണത്തിനും 2005ല്‍ അസാധുവായ ലൈസന്‍സുമായി വാഹനമോടിച്ചതിനും ജബാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2022ല്‍ സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടാം ഭാര്യയില്‍ നിന്നും ജബാര്‍ വിവാഹമോചനം നേടിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.