തിരുവനന്തപുരം: തലസ്ഥാനത്ത് കൗമാര കലാപൂരത്തിന് തുടക്കം. 63 -ാ മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. രാവിലെ ഒമ്പത് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ പതാക ഉയര്‍ത്തിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെത്തി ഔപചാരിക ഉദ്‌ഘാടനം നിര്‍വഹിച്ചത്.
ഒന്നാം വേദിയായ നിളയിലാണ് ഔപചാരിക ഉദ്‌ഘാടനം നടന്നത്. എം.ടി വാസുദേവൻ നായരുടെ വിയോഗം വലിയ നഷ്ടമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
'' എം.ടിയുടെ സൃഷ്ടികൾക്ക് വ്യത്യസ്ത ആഖ്യാനങ്ങൾ ഉണ്ടാകുന്ന ഇടാമായിരുന്നു കലോത്സവ വേദികൾ. വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തം അതിജീവനത്തിന്‍റെ കാഴ്ചയാണ്. നാടിന്‍റെ സാംസ്കാരിക പൈതൃകത്തെ മുന്നിൽ നയിക്കേണ്ടവരാണ് ഈ കുട്ടികൾ. ആ തിരിച്ചറിവോടെ ഇതിൽ പങ്കെടുക്കാൻ നിങ്ങൾക്ക് കഴിയട്ടെ. ദുരന്തങ്ങളെ അതിജീവിക്കുമ്പോഴും ജീവിതം ഉത്സവമാക്കാനുള്ള സ്വപ്നം കാണുന്നവരാണ് നിങ്ങൾ. ഒരു തലമുറയിലെ എല്ലാ സർഗ്ഗ വൈഭവവും ഒന്നിക്കുന്ന ഇടം . ഇത്തരം ഒരിടം ലോകത്ത് മാറ്റ് എവിടെ എങ്കിലും ഉണ്ടോ എന്ന് സംശയമാണ്.'' മുഖ്യമന്ത്രി പറഞ്ഞു.
'' അന്യം നിന്ന് പോകുന്ന നാടൻകലകളും അനുഷ്ഠാനകലകളും കലോത്സവത്തിലൂടെ നിലനിൽക്കുന്നു. വൈജ്ഞാനിക വികാസം മാത്രമല്ല വ്യക്തിത്വത്തിൻ്റെ വികാസം കൂടി വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നു.കുട്ടികളിലെ കലാപരമായ ശേഷികൾ മാത്രമല്ല നന്മകൾ കൂടി പ്രകാശിപ്പിക്കാൻ വിദ്യാഭ്യാസത്തിനാകണം.നഷ്ടപ്പെടുന്ന നന്മ കലയിലൂടെ വീണ്ടെടുക്കാൻ ആകുമെന്നും'' മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ.രാജന്‍, ജി.ആര്‍. അനില്‍, വീണാ ജോര്‍ജ്, മേയര്‍ ആര്യാ രാജേന്ദ്രന്‍, ആന്‍റണി രാജു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 25 വേദികളിലായി പതിനയ്യായിരത്തിലേറെ കലാകാരന്‍മാര്‍ വരും ദിവസങ്ങളിലായി മാറ്റുരക്കും. 25 നദികളുടെ പേരിലാണ് 25 വേദികൾ.
നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനന്തപുരി കൗമാര കലാമാമാങ്കത്തിന് വേദിയാകുന്നത്. പുത്തരിക്കണ്ടം മൈതാനിയിലാണ് ഭക്ഷണപ്പന്തൽ. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ കൂടി ഈ വർഷത്തെ മത്സര ഇനങ്ങളാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.