ലണ്ടന്‍: സ്റ്റുഡന്റ്സ് വിസയില്‍ യുകെയില്‍ എത്തി കെയററായി ജോലി ചെയ്തിരുന്ന ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ആയ ആനന്ദ നാരായണന്‍ (33) ആണ് അന്തരിച്ചത്. കരള്‍രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ലണ്ടനിലെ കിങ്സ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ അദ്ദേഹം കെയററായി ജോലി ചെയ്തുവരികയായിരുന്നു. ഗര്‍ഭിണിയായ ഭാര്യയെ തനിച്ചാക്കിയാണ് ആനന്ദിന്റെ യാത്ര.
ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇരുവരും ജോലിക്കായി യുകെയിലേക്ക് എത്തിയത്. മൂന്നര മാസം മുന്‍പായിരുന്നു ഹരിത ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇതോടെ വലിയ ആഹ്ലാദത്തില്‍ ആയിരുന്നു ആനന്ദും കുടുംബവും. എന്നാല്‍ ഇതിനിടെ അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായി. ഇതില്‍ വലിയ മാനസിക വിഷമത്തിലായിരുന്നു കുടുംബം. ഇതിനിടെയാണ് ആനന്ദിന് കരള്‍ രോഗം ബാധിച്ചത്.
ഇതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ കരളിലും നെഞ്ചിലും അണുബാധയുണ്ടായി. പിന്നീട് ഇത് മറ്റ് അവയവങ്ങളെയും ബാധിക്കുകയായിരുന്നു. ഇതോടെ ആരോഗ്യനില വഷളായി. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഐസിയുവില്‍ ആയിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തനരഹിതമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മരണവിവരം ഹരിത തളര്‍ന്ന് വീണു. കിങ്സ് ആശുപത്രിയില്‍ തന്നെ ഹരിതയെ പ്രവേശിപ്പിക്കുകയായിരുന്നു.
വലിയ സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു ആനന്ദും കുടുംബവും അനുഭവിച്ചിരുന്നത്. ഇതില്‍ നിന്നും രക്ഷ നേടുന്നതിന് വേണ്ടിയാണ് ആനന്ദ് യുകെയിലേക്ക് എത്തിയത്. ഇരുവരും ആയുര്‍വേദ ഡോക്ടര്‍മാര്‍ ആണ്. 30 ലക്ഷം രൂപയുടെ കടബാധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്.
തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ ജി നാരായണന്‍ നായരുടേയും ശാന്തകുമാരിയുടേയും മകനാണ് ആനന്ദ്. ഭാര്യ ഹരിത കൊല്ലം അഞ്ചാലുംമൂട് സ്വദേശിനിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.