നിലമ്പൂര്‍: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ അറസ്റ്റില്‍. ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസിലാണ് നടപടി. അന്‍വറിന്റെ ഒതായിയിലുള്ള വീട്ടിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നടപടി ഭരണകൂട ഭീകരതയാണെന്ന് പി.വി അന്‍വര്‍ പ്രതികരിച്ചു. 
പൊതുമുതല്‍ നശിപ്പിച്ചതിനും കൃത്യനിര്‍വഹണം തടഞ്ഞതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അന്‍വര്‍ അടക്കം 11 ഡിഎംകെ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. നിലമ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എംഎല്‍എ ആയതുകൊണ്ട് മാത്രം അറസ്റ്റിന് വഴങ്ങുന്നുവെന്നും പുറത്തിറങ്ങിയാല്‍ ബാക്കി കാണിച്ചുതരാമെന്നും പ്രതികരിച്ചുകൊണ്ടാണ് അന്‍വര്‍ പൊലീസ് ജീപ്പിലേക്ക് കയറിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് പൊലീസ് തനിക്കെതിരെ നടപടിയെടുത്തതെന്ന് അന്‍വര്‍ ആരോപിച്ചു. അന്‍വറിനെ അനുകൂലിച്ചും മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചും നിരവധി ഡിഎംകെ പ്രവര്‍ത്തകരാണ് ഒതായിയില്‍ തടിച്ചുകൂടിയത്.
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത സംഭവമാണ് അന്‍വറിന്റെ അറസ്റ്റിലേക്ക് വഴിവച്ചത്. കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം വനംവകുപ്പിന്റെ വീഴ്ചയാണെന്ന് ആരോപിച്ച് ഫോറസ്റ്റ് ഓഫീസിലേക്ക് ഡിഎംകെ മാര്‍ച്ച് നടത്തിയിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ക്കുകയും ചെയ്തു. ഇതാണ് കേസിലേക്ക് നയിച്ചത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.