ന്യൂയോര്‍ക്ക്: കൊടുംശൈത്യം പിടിമുറുക്കിയതോടെ അമേരിക്കയിലെ ഏഴ് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചിലയിടങ്ങളില്‍ റെക്കോര്‍ഡ് മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കണ്ടിട്ടില്ലാത്തവിധം ശൈത്യക്കൊടുങ്കാറ്റും വീശുന്നുണ്ട്. കെന്റക്കി, വെര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ, കന്‍സാസ്, അര്‍ക്കന്‍സാസ്, മിസോറി, ന്യൂജഴ്സിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കാലാവസ്ഥ തീര്‍ത്തും പ്രതികൂലമായതോടെ ജനജീവിതം തീര്‍ത്തും ദുസഹമായിരിക്കുകയാണ്. ഏകദേശം 60 ദശലക്ഷത്തോളം ജനങ്ങള്‍ കൊടും ശൈത്യം മൂലം ദുരിതം പേറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കന്‍സാസ്, വെസ്റ്റേണ്‍ നെബ്രാസ്‌ക, ഇന്ത്യാനയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലുള്ള പ്രധാന റോഡുകളെല്ലാം മഞ്ഞുമൂടി ഗതാഗതം സ്തംഭിച്ചു. കാന്‍സാസ് സിറ്റിയില്‍ നിന്ന് വാഷിങ്ടണിലേക്കുള്ള പാതയും അപകടകരമാംവിധം മഞ്ഞുമൂടിയിരിക്കുകയാണ്. സ്‌കൂളുകളും അടച്ചു.
വിര്‍ജീനിയ, ഇന്ത്യാന, കാന്‍സാസ്, കെന്റുക്കി എന്നിവിടങ്ങളില്‍ നൂറുകണക്കിന് വാഹനാപകടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. കാന്‍സാസ് മുതല്‍ ന്യൂജഴ്‌സി വരെയുള്ള പ്രധാന നഗരങ്ങള്‍ക്കെല്ലാം ശൈത്യകൊടുങ്കാറ്റ് മുന്നറിയിപ്പ് ലഭിച്ചുകഴിഞ്ഞു. എട്ട് ഇഞ്ചോളം ഉയരത്തില്‍ വീഴുന്ന മഞ്ഞിനെ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനും ദുരിതബാധിതരെ രക്ഷപ്പെടുത്താനുമുള്ള ശ്രമത്തിലാണ് അധികൃതര്‍. മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗത്തിലാണ് ശക്തമായ കാറ്റ് വീശുന്നത്. കാലാവസ്ഥാ മുന്നറിയിപ്പ് ചെവിക്കൊള്ളണമെന്നും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു. ധ്രുവക്കാറ്റ് വീശുമ്പോള്‍ അപകടം ഒഴിവാക്കാന്‍ വീടിനുള്ളില്‍ തന്നെ കഴിയുക എന്നതാണ് ഏക പോംവഴി.
അതിശൈത്യമായ കാറ്റ് വീശുന്നതിനാല്‍ ചിക്കാഗോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും സെന്റ് ലൂയിസിലേക്കുമുള്ള എല്ലാ വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി. യുഎസിലേക്കും പുറത്തേക്കുമുള്ള 1,700-ലധികം ഫ്‌ളൈറ്റുകളാണ് ഞായറാഴ്ച റദ്ദാക്കിയത്. ഏകദേശം 8,300 വിമാനങ്ങള്‍ വൈകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.