ആഴക്കടല്‍ മല്‍സ്യബന്ധന പദ്ധതി മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ചെന്നിത്തല

ആഴക്കടല്‍ മല്‍സ്യബന്ധന പദ്ധതി മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടല്‍ മല്‍സ്യബന്ധന പദ്ധതി മുഖ്യമന്ത്രിയുടെ അറിവോടെയാണ് മുന്നോട്ടുപോയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പ്രതിപക്ഷം ഇത് കണ്ടെത്തിയിരുന്നില്ലെങ്കില്‍ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി ഉത്തരവ് ഇറക്കുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

വിവാദത്തില്‍ സര്‍ക്കാര്‍ കുറ്റം സമ്മതിച്ചെന്നതിന് തെളിവാണ് ധാരണാപത്രം റദ്ദാക്കാനുള്ള തീരുമാനം. ട്രോളര്‍ നിര്‍മ്മാണ ധാരണാപത്രം മാത്രമല്ല, ഭൂമി കൈമാറിയത് അടക്കം എല്ലാ നടപടികളും റദ്ദാക്കണം. ഉദ്യോഗസ്ഥരെ ബലിയാടാക്കി തലയൂരാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു

വ്യവസായ മന്ത്രി ഇ പി ജയരാജനും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും ആണ് ഇതിലെ പ്രധാന പ്രതികള്‍. കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ നിയമസഭയില്‍ നിന്നും മറച്ചുവെച്ചു. പി കെ ബഷീര്‍ ഇതുസംബന്ധിച്ച് ചോദ്യം ഉന്നയിച്ചെങ്കിലും വ്യവസായമന്ത്രി ഇ പി ജയരാജന്‍ മറുപടി നല്‍കിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ വെച്ച രേഖകളില്‍ മല്‍സ്യബന്ധന യാന പദ്ധതിയില്ല. മന്ത്രി ഇത് മറച്ചുവെച്ചതാണോ. അതോ പിന്നീട് പദ്ധതി തിരുകിക്കയറ്റിയതാണോ എന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

കഴിഞ്ഞമാസമാണ് പദ്ധതിയെക്കുറിച്ച് അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണ്. മന്ത്രി മേഴ്സിക്കുട്ടിയമ്മയും ദിവസവും എത്ര കള്ളമാണ് പറയുന്നത്. ഈ പദ്ധതി ഒറ്റ ദിവസം കൊണ്ട് പൊട്ടിമുളച്ചതാണോ എന്ന് ചെന്നിത്തല ചോദിച്ചു. അസന്‍ഡിന് മൂന്നു മാസം മുമ്പേ തന്നെ പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. ഇഎംസിസി കമ്പനിയുടെ യോഗ്യത തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. 2019 ഒക്ടോബര്‍ മൂന്നിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ആണ് വിദേശകാര്യ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായ ഇഎംസിസി കമ്പനിയെക്കുറിച്ച് അറിയിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. പദ്ധതി സംബന്ധിച്ച തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ നേരത്തെ തുടങ്ങി എന്നത് ഇതില്‍ നിന്ന് വ്യക്തമാണ്. സര്‍ക്കാരിന്റെ അനുവാദത്തോടെയാണ് എംജി രാജമാണിക്യം കരാറില്‍ ഒപ്പിട്ടത്. സര്‍ക്കാര്‍ അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ ഇങ്ങനെയൊരു പദ്ധതി നടപ്പാകുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.