കണ്ണൂര്‍: കണ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ(26) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി (3) ആണ് ശിക്ഷ വിധിച്ചത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടന്‍ വീട്ടില്‍ സുധാകരന്‍ (57), കൊത്തില താഴെ വീട്ടില്‍ ജയേഷ് (41), ചാങ്കുളത്തുപറമ്പില്‍ രഞ്ജിത്ത് (44), പുതിയപുരയില്‍ അജീന്ദ്രന്‍ (51), ഇല്ലിക്കവളപ്പില്‍ അനില്‍കുമാര്‍ (52), പുതിയപുരയില്‍ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടില്‍ ശ്രീകാന്ത് (47), സഹോദരന്‍ ശ്രീജിത്ത് (43), തെക്കേവീട്ടില്‍ ഭാസ്‌കരന്‍ (67) എന്നിവരെയാണ് ശിക്ഷിച്ചത്.
എല്ലാ പ്രതികള്‍ക്കും 307 വകുപ്പ് പ്രകാരം 10 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. പ്രതികള്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതില്‍ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. 2005 ഒക്ടോബര്‍ മൂന്നിനാണ് റിജിത്ത് കൊല്ലപ്പെട്ടത്.
പത്തൊമ്പത് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി പ്രസ്താവം വന്നിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം ആര്‍എസ്എസ് ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2005 ഒക്ടോബര്‍ മൂന്നിന് രാത്രി ഒമ്പത് മണിയോടെയാണ് സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ചംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്.
സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു വരുന്ന സമയത്ത് മാരകായുധങ്ങളുമായി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.