വാഷിങ്ടണ്‍: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന് മുന്നില്‍ ടെസ്‌ല സൈബര്‍ട്രക്ക് പൊട്ടിത്തെറിച്ച സംഭവത്തില്‍ ചാറ്റ് ജിപിടിക്കും പങ്ക്. സ്‌ഫോടനം നടത്തിയ മാത്യു അലന്‍ ലൈവല്‍സ്ബര്‍ഗര്‍ സ്‌ഫോടനം ആസൂത്രണം ചെയ്യാന്‍ ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ എഐ സഹായത്തോടെ ലോകത്ത് ആദ്യമായി നടത്തുന്ന സ്‌ഫോടനമായി ലാസ് വെഗാസിലേത്. സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് ലൈവല്‍സ്ബര്‍ഗര്‍ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തിരുന്നു.
അമേരിക്കന്‍ സൈന്യത്തിലെ ഗ്രീന്‍ ബറേറ്റ്‌സ് സ്‌പെഷല്‍ ഫോഴ്‌സസ് അംഗമാണ് സ്‌ഫോടനം നടത്തിയ മാത്യു അലന്‍ ലൈവല്‍സ്ബര്‍ഗര്‍. സ്‌ഫോടക വസ്തുക്കള്‍ എങ്ങനെ സംയോജിപ്പിക്കാം, സ്‌ഫോടനം എങ്ങനെ ട്രിഗര്‍ ചെയ്യാം, ട്രക്ക് തീപിടിക്കുന്നതിനൊപ്പം എങ്ങനെ സ്‌ഫോടകവസ്തുക്കള്‍ ഡിറ്റനേറ്റ് ചെയ്യാം തുടങ്ങിയ കാര്യങ്ങളാണ് മാത്യു ചാറ്റ് ജിപിടിയോട് ചോദിച്ചത്. ഒപ്പം തോക്കും സ്‌ഫോടകവസ്തുക്കളും കൈവശപ്പെടുത്താന്‍ ഏതെല്ലാം നിയമങ്ങള്‍ ശ്രദ്ധിക്കേണ്ടിവരുമെന്നും ചാറ്റ് ജിപിടി മാത്യുവിന് ഉപദേശം നല്‍കിയിരുന്നു.
സ്‌ഫോടനത്തിന് തൊട്ടുമുന്‍പ് ലൈവല്‍സ്ബര്‍ഗര്‍ പെട്രോള്‍ പോലെയുള്ള ഇന്ധനം നിറച്ച കാന്‍ തുറക്കുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ടെന്ന് ലാസ് വെഗാസ് മെട്രൊപ്പാലിറ്റന്‍ പൊലീസ് ഷെരിഫ് കെവിന്‍ മക്മഹില്‍ അറിയിച്ചു. ഇത് കാറിലെ വായുവില്‍ കലര്‍ന്ന സമയത്താണ് മാത്യു സ്വയം വെടിയുതിര്‍ത്തത്. അപ്പോള്‍ത്തന്നെ കാറിനുള്ളില്‍ തീ നിറയുകയും മറ്റ് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ മാത്യുവിന്റെ മൃതദേഹം ഡിഎന്‍എ പരിശോധന നടത്തിയാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ എവിടെനിന്നാണ് സ്‌ഫോടകവസ്തുക്കള്‍ വാങ്ങിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ചാറ്റ് ജിപിടി ഉടമകളായ ഓപ്പണ്‍ എഐ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. സാങ്കേതികവിദ്യ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടതില്‍ അതീവദുഃഖിതരാണെന്ന് ഓപ്പണ്‍ എഐ പ്രതികരിച്ചു. അപകടകരമായ ആവശ്യങ്ങളടങ്ങിയ ചോദ്യങ്ങള്‍ നിരസിക്കാന്‍ കഴിയുന്ന തരത്തിലാണ് ചാറ്റ് ജിപിടി രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും നേരത്തേ തന്നെ ഓണ്‍ലൈനില്‍ ലഭ്യമായ വിവരങ്ങളാണ് ലൈവല്‍സ്ബര്‍ഗറുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ കാണുന്നതെന്നും ഓപ്പണ്‍ എഐ വക്താവ് പറഞ്ഞു.
അതേസമയം, മാത്യുവിന് ഡൊണാള്‍ഡ് ട്രംപിനോട് ഏതെങ്കിലും തരത്തിലുള്ള വിരോധമോ ശത്രുതയോ ഇല്ലെന്ന് അദ്ദേഹത്തിന്റെ ഫോണില്‍ കണ്ടെത്തിയ കുറിപ്പില്‍ പറയുന്നു. കൊളറാഡോയില്‍ നിന്ന് വാടകയ്‌ക്കെടുത്ത ടെസ്‌ല സൈബര്‍ട്രക്ക് ലാസ് വെഗാസ് വരെ സ്വയം ഓടിച്ചെത്തിയാണ് ഇയാള്‍ ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടലിന്റെ കവാടത്തില്‍ സ്‌ഫോടനം നടത്തിയത്. ഹോട്ടലിന്റെ മുന്‍ഭാഗത്തെ ചില്ലുകളും മറ്റും ചിതറിത്തെറിച്ചു. കെട്ടിടത്തിന് ബലക്ഷയമുണ്ടാകുന്നത്ര ശക്തി സ്‌ഫോടനത്തിനുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മാനസികസമ്മര്‍ദമാകാം മാത്യുവിനെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് നിഗമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.