വഴിയടച്ച് പാര്‍ട്ടി പരിപാടി വേണ്ട: എം.വി ഗോവിന്ദനും ബിനോയ് വിശ്വവും ടി.ജെ വിനോദും അടക്കമുള്ള നേതാക്കള്‍ ഹാജരാകണമെന്ന് ഹൈക്കോടതി

വഴിയടച്ച് പാര്‍ട്ടി പരിപാടി വേണ്ട: എം.വി ഗോവിന്ദനും ബിനോയ് വിശ്വവും ടി.ജെ വിനോദും അടക്കമുള്ള നേതാക്കള്‍ ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: പൊതു ഗതാഗതത്തിനുള്ള റോഡ് കെട്ടിയടച്ച് പാര്‍ട്ടി സമ്മേളനം നടത്തിയ സംഭവങ്ങളില്‍ രാഷ്ട്രീയ നേതാക്കളോട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം.

വഞ്ചിയൂരില്‍ റോഡ് കെട്ടിയടച്ച് ഏരിയാ സമ്മേളനം നടത്തിയ സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടു. വഴിതടസപ്പെടുത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മേളനങ്ങളും പാര്‍ട്ടി പരിപാടികളും സമരങ്ങളും സംഘടിപ്പിച്ച വിവിധ സംഭവങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം.

സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പുറമേ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിയോടും കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളായ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എറണാകുളം എംഎല്‍എ ടി.ജെ വിനോദ് എന്നിവരോടും കോടതിയില്‍ ഹാജാരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് നേതാക്കളോട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്.

സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, വി. പ്രശാന്ത് എംഎല്‍എ എന്നിവരോടും ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ക്കും ഹാജരാവാന്‍ നോട്ടീസ് നല്‍കും.

ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ നടത്തിയ പരിപാടിയെ തുടര്‍ന്നാണ് സിപിഐ നേതാക്കള്‍ക്കെതിരായ നടപടി. സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയോട് നേരിട്ട് ഹാജരായി സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.