ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വിമാന സർവീസുകൾ വൈകുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തിരികെയും പോകുന്ന വിമാനങ്ങളാണ് അധികവും വൈകുന്നത്. ഡൽഹിയുടെ പല ഭാഗങ്ങളിലും മൂടൽ മഞ്ഞിന് പുറമേ നേരിയ മഴയുണ്ട്. ദൃശ്യപരത കുറവായതിനാൽ റോഡപകടങ്ങൾ വർധിക്കുന്നതായാണ് വിവരം. നിലവിൽ ഡൽഹിയിൽ എട്ട് ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഡൽഹി, ഗാസിയാബാദ്, നോയിഡ തുടങ്ങിയ ഇടങ്ങളിലെ ദൃശ്യപരത പൂജ്യമായി കുറഞ്ഞിരുന്നു. നൂറിലധികം വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്. ചില വിമാനങ്ങൾ വഴിതിരിച്ചുവിടുകയും വൈകുകയും ചെയ്തു. നിരവധി ട്രെയിൻ സർവീസുകളുടെ സമയ ക്രമത്തിലും മാറ്റമുണ്ടായിട്ടുണ്ട്.
വിവിധയിടങ്ങളിൽ നിന്നും വരുന്ന 20-ലധികം ട്രെയിനുകൾ ഏഴ് മുതൽ എട്ട് വരെ മണിക്കൂർ വൈകിയാണ് ഡൽഹിയിലെത്തുന്നത്. തെലങ്കാന എക്‌സ്‌പ്രസ്, ലക്നൗ മെയിൽ, ഹംസഫർ എക്‌സ്‌പ്രസ് തുടങ്ങിയ ദീർഘദൂര സർവീസുകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. വരും ദിവസങ്ങളിൽ രാജ്യ തലസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. മൂടൽ മഞ്ഞിനെ തുടർന്ന് ഹിമാചൽപ്രദേശിലെ പല ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രാജസ്ഥാൻ, കശ്മീർ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.