മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ സംഗമ വേദിയായി ജിമ്മി കാര്‍ട്ടറുടെ സംസ്‌കാരച്ചടങ്ങ്; ട്രംപിനോട് അകലം പാലിച്ച് കമല

മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരുടെ സംഗമ വേദിയായി ജിമ്മി കാര്‍ട്ടറുടെ സംസ്‌കാരച്ചടങ്ങ്; ട്രംപിനോട് അകലം പാലിച്ച് കമല

വാഷിങ്ണ്‍: നൂറാം വയസില്‍ അന്തരിച്ച അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ സംസ്‌കാരച്ചടങ്ങ് അമേരിക്കയെ നയിച്ചവരും നിയുക്ത പ്രസിഡന്റ് ട്രംപും ഒരുമിച്ച അത്യപൂര്‍വ വേദിയായി മാറി. വാഷിങ്ടണ്‍ നാഷണല്‍ കത്തീഡ്രലില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവര്‍ക്കൊപ്പം പ്രസിഡന്റ് ജോ ബൈഡനും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുത്തു. എല്ലാവരുടെയും ഭാര്യമാരും ഒപ്പമുണ്ടായിരുന്നു.

അഞ്ചുപേരും അവസാനമായി ഒത്തുചേര്‍ന്നത് 2018-ല്‍ ജോര്‍ജ് എച്ച് ഡബ്ല്യു ബുഷിന്റെ സംസ്‌കാര ചടങ്ങിലായിരുന്നു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് നേതാക്കള്‍ ഒത്തുചേര്‍ന്നത് ശ്രദ്ധേമായ കാഴ്ച്ചയായി. രാഷ്ട്രീയത്തിലെ ബദ്ധവൈരികളായ ട്രംപും ഒബാമയും ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പ് പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തി.

എല്ലാവരോടും അന്തസോടും ബഹുമാനത്തോടും കൂടി' പെരുമാറേണ്ടതിന്റെ പ്രാധാന്യം ജിമ്മി കാര്‍ട്ടര്‍ തന്നെ പഠിപ്പിച്ചതായി ജോ ബൈഡന്‍ പ്രസംഗത്തില്‍ പറഞ്ഞു. 'വീടുകള്‍ ആവശ്യമുള്ള ആളുകള്‍ക്ക് അദ്ദേഹം വീടുകള്‍ നിര്‍മ്മിച്ചു. ലോകത്തിലെവിടെയും, അവസരം കാണുന്നിടത്തെല്ലാം അദ്ദേഹം സമാധാനം സ്ഥാപിച്ചു. ഭൂമിയിലെ നമ്മുടെ ഓരോ നിമിഷവും പ്രധാനമാക്കുക, അതാണ് ഒരു നല്ല ജീവിതത്തിന്റെ നിര്‍വചനം' - ബൈഡന്‍ പറഞ്ഞു.

ചടങ്ങിന് മുമ്പ്, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന് ഡൊണാള്‍ഡ് ട്രംപ് ഹസ്തദാനം നല്‍കുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. 2021ല്‍ വൈറ്റ് ഹൗസ് വിട്ടതിനുശേഷം ഇരുവരും ഒരുമിച്ച് കാണുന്നത് ഇതാദ്യമായാണ്. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്നപ്പോഴാണ് മൈക്ക് പെന്‍സ് വൈസ് പ്രസിഡന്റായത്. ഈ സമയത്ത് ട്രംപിന്റെ വിശ്വസ്തനും വളരെ അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നയാളുമായിരുന്നു മൈക്ക് പെന്‍സ്. എന്നാല്‍ യുഎസ് ക്യാപിറ്റല്‍ ആക്രമണത്തോടെ ട്രംപുമായി അദ്ദേഹം അകന്നിരുന്നു.

അതേസമയം കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനോട് പരാജയപ്പെട്ട കമല ഹാരിസ് ട്രംപുമായുള്ള ആശയവിനിമയം ഒഴിവാക്കി അകലം പാലിച്ചതും മാധ്യമങ്ങളുടെ ശ്രദ്ധ നേടി.

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനോട് പരാജയപ്പെട്ട മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണും ഭര്‍ത്താവിനൊപ്പം പങ്കെടുത്തു.

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, എഡിന്‍ബര്‍ഗ് ഡ്യൂക്ക് പ്രിന്‍സ് എഡ്വേര്‍ഡ്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് എന്നിവരുള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്രമുഖരും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.

യുഎസിന്റെ 39ാമത് പ്രസിഡന്റും സമാധാന നൊബേല്‍ ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ ജോര്‍ജിയയിലെ വീട്ടിലാണ് നൂറാം വയസില്‍ അന്തരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.