പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട്: നടപടിക്രമങ്ങള്‍ ധൃതഗതിയിലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട്:  നടപടിക്രമങ്ങള്‍ ധൃതഗതിയിലെന്ന്  തിരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ പോസ്റ്റല്‍ ബാലറ്റ് എന്ന ആവശ്യത്തിന് പൂര്‍ണ പിന്തുണയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രവാസികള്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റിലൂടെ വിദേശത്തുനിന്ന് വോട്ടു ചെയ്യാനുള്ള സൗകര്യം എത്രയും വേഗം ഏര്‍പ്പെടുത്തുന്നതു സജീവ പരിഗണനയിലാണെന്ന് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇതിനായി നിയമ, വിദേശകാര്യ മന്ത്രാലയങ്ങളുമായി ധൃതഗതിയില്‍ ആശയവിനിമയം നടത്തി വരുകയാണെന്നും കമ്മിഷന്‍ വ്യക്തമാക്കി. പ്രവാസി വോട്ടിനായി സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ഡോ. ഷംഷീര്‍ വയലിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഇക്കാര്യം വ്യക്തമാക്കിയത്.

കമ്മിഷന്റെ പ്രതികരണം പ്രതീക്ഷാജനകമെന്നും ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രവാസി പോസ്റ്റല്‍ ബാലറ്റ് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ഗള്‍ഫ് ഇതര രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് മാത്രം പോസ്റ്റല്‍ വോട്ട് സൗകര്യം ഒരുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഷംഷീര്‍ സര്‍ക്കാരിനെയും കമ്മിഷനെയും സമീപിച്ചത്.

ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ ആദ്യഘട്ടത്തില്‍നിന്ന് ഒഴിവാക്കാന്‍ പറയുന്ന വാദങ്ങള്‍ വസ്തുതാപരമായി ശരിയല്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം വ്യക്തമാക്കി. നാട്ടില്‍ പോകാതെതന്നെ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ അനുമതിയുള്ളതിനാല്‍ വിദേശകാര്യ മന്ത്രാലയം ഉന്നയിച്ചിട്ടുള്ള ആശങ്കയില്‍ അടിസ്ഥാനമില്ലെന്ന് ഷംഷീര്‍ പറഞ്ഞു.

18,22,173 ഫിലിപ്പീന്‍സ് സ്വദേശികള്‍ യുഎഇയില്‍ നിന്നു വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസില്‍ സുപ്രീം കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍ ഹാരിസ് ബീരാനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.