തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പൂജാരിയായ ഗോപന്‍ സ്വാമി എന്ന 69 കാരനെ മക്കള്‍ സമാധിപീഠത്തില്‍ അടക്കിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മക്കളുടെ മൊഴികളിലെ വൈരുധ്യമാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. അതിനിടെ ദുരൂഹത അകറ്റാനായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും ഇതിനായി കളക്ടറുടെ അനുമതി തേടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അനുമതി ലഭിക്കുന്ന മുറയ്ക്ക് ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇതുസംബന്ധിച്ച് തിങ്കളാഴ്ചയാകും കളക്ടറുടെ ഉത്തരവ് ഉണ്ടാവുകയെന്നാണ് വിവരം.
നെയ്യാറ്റിന്‍കര ആറാലുംമൂട് ചന്തയ്ക്ക് എതിര്‍വശം കാവുവിളാകം കൈലാസനാഥ ക്ഷേത്രം സ്ഥാപകന്‍ കാവുവിളാകം സിദ്ധന്‍വീട്ടില്‍ മണിയന്‍ എന്ന ഗോപന്‍ സ്വാമിയുടെ മരണത്തിലാണ് നാട്ടുകാര്‍ സംശയം ഉന്നയിക്കുന്നത്. ഗോപന്‍ സ്വാമി കുറച്ച് നാളുകളായി രോഗബാധിതനായി കിടപ്പിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഗോപന്‍ സ്വാമി സമാധിയായെന്ന് കാട്ടി മക്കള്‍ വീടിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. അപ്പോഴാണ് ഇയാള്‍ മരിച്ച വിവരം നാട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വീടിന് സമീപത്തെ ക്ഷേത്രത്തിനടുത്തായി ഗോപന്‍ തന്റെ സമാധിപീഠം നേരത്തെ തയ്യാറാക്കിയിരുന്നതായാണ് മക്കള്‍ പറയുന്നത്. നേരത്തെ തയ്യാറാക്കിയ കോണ്‍ക്രീറ്റ് അറയ്ക്കുള്ളിലേക്ക് ഇയാള്‍ സ്വയം നടന്നെത്തി ഇരുന്നതായും അവിടെവച്ച് സമാധിയായെന്നുമാണ് ഇവരുടെ വാദം. അച്ഛന്റെ ആത്മാവ് കൈലാസത്തിലേക്ക് പോകുന്നത് താന്‍ കണ്ടെന്നും ഇതിന് ശേഷമാണ് കോണ്‍ക്രീറ്റ് പാളി ഉപയോഗിച്ച് സമാധിപീഠത്തിലെ അറ അടച്ചതെന്നും അതിനുമുമ്പായി അറയ്ക്കുള്ളില്‍ സുഗന്ധദ്രവ്യങ്ങള്‍ നിറച്ചെന്നും മകന്‍ പറയുന്നു.
നിലവില്‍ സമാധിപീഠം സ്ഥിതി ചെയ്യുന്ന സ്ഥലം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. അതേസമയം ഗോപന്‍ ഏതാനും നാളുകളായി കിടപ്പിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീടിന് സമീപത്തെ ക്ഷേത്രം ഇയാള്‍ തന്നെ പണികഴിപ്പിച്ചതാണ്. ഏതാനും നാളുകളായി ക്ഷേത്രം അടച്ചിട്ടനിലയിലായിരുന്നു. ഇതിനിടെയാണ് ഗോപന്‍ സ്വാമി സമാധിയായെന്ന ബോര്‍ഡ് വീടിന് മുന്നില്‍ സ്ഥാപിച്ചത്.
സമാധിച്ചടങ്ങ് ആരെയും അറിയിക്കരുതെന്ന് അച്ഛന്‍ പറഞ്ഞതനുസരിച്ചാണ് മരണ വിവരം പുറത്തറിയിക്കാന്‍ വൈകിയതെന്നാണ് മക്കള്‍ പറയുന്നത്. ഷുഗറിന്റെയും രക്തസമ്മര്‍ദത്തിന്റെയും മരുന്നുകളും ഭക്ഷണവും കഴിച്ച ശേഷമാണ് അച്ഛന്‍ സമാധിയാകാന്‍ പോയതെന്നും മക്കള്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെ 11 ഓയോടെയാണ് ഗോപന്‍ സ്വാമിയുടെ മരണം സംഭവിച്ചതെന്നാണ് മക്കളുടെ മൊഴി. എന്നാല്‍ കിടപ്പിലായിരുന്നതിനാല്‍ ഗോപന്‍ സ്വാമിക്ക് സ്വയം നടന്നുവന്ന് സമാധിപീഠത്തിലിരിക്കാന്‍ കഴിയുമോ എന്നതാണ് നാട്ടുകാരുടെ സംശയം. ജീവനോടെയാണോ ഗോപന്‍ സ്വാമിയെ സമാധിപീഠത്തില്‍ അടക്കിയത് അതോ മരണശേഷം അടക്കിയതാണോ എന്നതിലും സംശയം നിലനില്‍ക്കുകയാണ്.
ക്ഷേത്ര സ്ഥാപകനും പൂജാരിയുമായ ഗോപന്‍ സ്വാമി നേരത്തെ ചുമട്ടുത്തൊഴിലാളിയായിരുന്നു എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. പിന്നീടാണ് ക്ഷേത്രവം സ്ഥാപിച്ച് പൂജ ആരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.