'ബോഡി ഷെയ്മിങ് അംഗീകരിക്കാനാകില്ല; കുറ്റം നിലനില്‍ക്കും, ആവര്‍ത്തിക്കരുത്': ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി

'ബോഡി ഷെയ്മിങ് അംഗീകരിക്കാനാകില്ല; കുറ്റം നിലനില്‍ക്കും, ആവര്‍ത്തിക്കരുത്': ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഉത്തരവില്‍ ഹൈക്കോടതി

കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല പരാമര്‍ശ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ് പുറത്തിറങ്ങി. 50,000 രൂപയുടെ ബോണ്ടും രണ്ട് പേരുടെ ജാമ്യവുമാണ് വ്യവസ്ഥ.

കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദു ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു.

നടി ഹണി റോസിനെതിരായി ജാമ്യ ഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങള്‍ ബോബി ചെമ്മണൂര്‍ പിന്‍വലിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് ആറാം നാളാണ് ബോബി ചെമ്മണൂര്‍ പുറത്തേക്ക് വരുന്നത്. ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ ബോബി ചെമ്മണൂര്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഹര്‍ജി വായിക്കുമ്പോള്‍ തന്നെ ബോബി ചെമ്മണൂര്‍ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോഗങ്ങളില്‍ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ഈ പരാമര്‍ശങ്ങളെല്ലാം പിന്‍വലിക്കുകയാണെന്ന് ബോബിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള കോടതിയെ അറിയിച്ചു.

തുടര്‍ന്ന് ബോബി ചെമ്മണൂരിന് ജാമ്യം നല്‍കാമെന്ന് കോടതി നിലപാടെടുത്തു. പ്രതിയെ പോലീസിന്റെ കസ്റ്റഡിയില്‍ ആവശ്യമില്ല എന്നതായിരുന്നു ഇതിന് കാരണം. ഈ കേസില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്ന് കോടതി വിലയിരുത്തി.

കൂടാതെ മൂന്ന് വര്‍ഷം മാത്രം ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് ബോബിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് ആറ് ദിവസമായി ജയിലില്‍ തുടരുന്ന ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കുന്നതിന് മറ്റ് തടസങ്ങളില്ല എന്നും കോടതി വ്യക്തമാക്കി.

ജാമ്യഹര്‍ജി പരിഗണിക്കവേ ബോബി ചെമ്മണൂരിന്റെ ചില ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു. ഇതില്‍ പ്രോസിക്യൂഷന്‍ നല്‍കിയതും പ്രതിഭാഗം നല്‍കിയതും ഉള്‍പ്പെടുന്നുണ്ട്. എന്തിന് വേണ്ടിയാണ് ഈ മനുഷ്യന്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നാണ് തുടര്‍ന്ന് കോടതി ചോദിച്ചത്.

ബോബി ചെമ്മണൂര്‍ നടത്തിയത് ദ്വയാര്‍ത്ഥ പ്രയോഗമാണെന്ന് കോടതി തുറന്നു പറഞ്ഞു. ഇതൊന്നും പൊതുസമൂഹത്തില്‍ പറയേണ്ട കാര്യങ്ങളല്ല. ഇത്തരം പ്രവര്‍ത്തികളോട് ഒരുതരത്തിലുമുള്ള യോജിപ്പില്ല. ബോബിയെ ചടങ്ങില്‍ എതിര്‍ക്കാതിരുന്നത് നടിയുടെ മാന്യത കൊണ്ടാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹണി റോസിനെ മോശമാക്കാന്‍ ബോബി ബോധപൂര്‍വം ശ്രമിച്ചെന്നാണ് കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചത്. അദേഹം തുടര്‍ച്ചയായി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തി. ബോബിയുടെ ശിക്ഷ സമൂഹത്തിന് സന്ദേശമാകണം. കുന്തി ദേവി പ്രയോഗം തെറ്റായ ഉദേശത്തോടെയാണ് ബോബി നടത്തിയത്. ബോബി ചെമ്മണൂരിന്റെ റിമാന്‍ഡിലൂടെ സമൂഹത്തിന് വ്യക്തമായ സന്ദേശം ലഭിച്ചുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.