വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥയായ 'ഹോപ്' 80 രാജ്യങ്ങളിൽ പുറത്തിറങ്ങി. പദവിയിലിരിക്കേ ഒരു മാർപാപ്പയുടെ ആത്മകഥയിറങ്ങുന്നത് ആദ്യമായാണ്. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പ സ്‌പെയിനിലെ ബാല്യം മുതലുള്ള തന്റെ ജീവിതമാണ് 'ഹോപി'ൽ പ്രതിപാദിക്കുന്നത്.
നൂറ് രാജ്യങ്ങളിൽ പുറത്തിറങ്ങിയ പുസ്തകത്തിലൂടെ താൻ രാജിവെക്കില്ലെന്നും രോഗിയല്ല പ്രായമായെന്നേ ഉള്ളൂവെന്നും ഫ്രാൻസിസ് മാർപാപ്പ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ‘എനിക്ക് അസുഖങ്ങളൊന്നുമില്ല. പ്രായമായി എന്നത് യാഥാർഥ്യമാണ്, വീൽചെയറിൻറെ സഹായവുമുണ്ട്. പക്ഷേ സഭാഭരണം ബുദ്ധികൊണ്ടും ഹൃദയം കൊണ്ടുമാണ് നടത്തുന്നത്, കാലുകൾ കൊണ്ടല്ല...’ എന്ന് ആത്മകഥയിൽ പ്രതിപാദിക്കുന്നുണ്ട്.
2021 ൽ വൻകുടലിനെ ബാധിക്കുന്ന ഡൈവെർട്ടിക്കുലൈറ്റിസ് രോഗം ഭേദമാക്കാൻ ഫ്രാൻസിസ് മാർപാപ്പയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. 2023ൽ ഹെർണിയ ശസ്ത്രക്രിയയും നടത്തി. ഓരോ തവണയും ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ‘കോൺക്ലേവ്’ അഭ്യൂഹം പരക്കുന്നതിനെക്കുറിച്ച് തനിക്കറിയാമെന്നും മാർപാപ്പ പുസ്തകത്തിൽ പറയുന്നുണ്ട്. എന്നാൽ ശസ്ത്രക്രിയ നടന്ന ദിവസങ്ങളിൽപ്പോലും രാജിയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് പാപ്പ വ്യക്തമാക്കി.
സ്വന്തം ജീവിതാനുഭവങ്ങൾക്ക് പുറമെ യുദ്ധവും സമാധാനവും, കുടിയേറ്റം, പാരിസ്ഥിതിക പ്രതിസന്ധി, സാമൂഹിക നയം, ലൈംഗീകത, കത്തോലിക്ക സഭയുടെ ഭാവി തുടങ്ങിയ വിഷയങ്ങളും മാർപാപ്പ പുസ്തകത്തിൽ പ്രമേയമാക്കുന്നുണ്ട്.
320 പേജുള്ള ഇംഗ്ലീഷ് പതിപ്പ് റാൻഡം ഹൗസാണ് പുറത്തിറക്കിയത്. മാധ്യമ പ്രവർത്തകൻ കാർലോ മുസ്സോയുടെ സഹകരണത്തോടെ ആറ് വർഷത്തെ പ്രവർത്തന ഫലമായാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളുള്ള ആത്മകഥയുടെ ആദ്യഭാഗം നേരത്തേ പുറത്തിറങ്ങിയിരുന്നു.
രണ്ടാം ഭാഗം തന്റെ മരണ ശേഷം പ്രസിദ്ധീകരിക്കാനാണ് ഫ്രാൻസിസ് മാർപാപ്പ ആദ്യം തീരുമാനിച്ചിരുന്നതെന്ന് പ്രസാധകരായ മൊൺടാദോരി പറഞ്ഞു. എന്നാൽ ഇക്കുറി വിശുദ്ധ വർഷാചരണത്തിന്റെ തീം ഹോപ് അഥവാ പ്രതീക്ഷ ആയതിനാൽ ഈ വർഷം തന്നെ പ്രസിദ്ധീകരിക്കാമെന്ന് മാർപാപ്പ തന്നെ നിർദേശിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.