കോട്ടയം: സമുദായ വിരുദ്ധരെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിയ്ക്കരുതെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. സമുദായ വിരുദ്ധ നിലപാടുകള്‍ ഉള്ളവര്‍ സമുദായത്തിന്റെ പേരില്‍ നിയമസഭയില്‍ കടന്നുകൂടരുതെന്നും ആര്‍ച്ച് ബിഷപ്പ് ദീപിക ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഓര്‍മ്മിപ്പിച്ചു.
സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണം. സ്ഥാനാര്‍ത്ഥികള്‍ ബന്ധപ്പെട്ട സമുദായത്തിന്റെ വിശ്വാസം ആര്‍ജിച്ചവരാകണം. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയവരാകണം സ്ഥാനാര്‍ത്ഥികളാകേണ്ടത്. സമുദായ വിരുദ്ധ നിലപാടുള്ളവര്‍ സമുദായത്തിന്റെ പേരില്‍ സഭയില്‍ കടുന്നുകൂടുന്നത് സമുദായത്തിന് നന്മ ചെയ്യില്ലെന്ന് മാത്രമല്ല, ആപത്കരവുമായിരിക്കും.
ന്യൂനപക്ഷ സമുദായങ്ങളുമായി ആലോചിച്ച് അവരുടെ വിശ്വാസം ആര്‍ജിച്ചവരെ മാത്രം സ്ഥാനാര്‍ത്ഥികളാക്കണമെന്ന് നിര്‍ദേശിച്ച് 1951 ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ജവഹര്‍ ലാല്‍ നെഹ്റു പിസിസികള്‍ക്ക് കത്തയച്ച കാര്യവും ആര്‍ച്ച് ബിഷപ്പ് ലേഖനത്തില്‍ സൂചിപ്പിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പണ്ഡിറ്റ് നെഹ്റുവിന്റെ വിശാല വീക്ഷണം രാഷ്ട്രീയ നേതൃത്വം മാതൃകയാക്കണം. രാഷ്ട്രീയത്തില്‍ പല മേഖലകളിലും സംഭവിക്കുന്ന നിലവാരത്തകര്‍ച്ച ആശങ്കയും അസ്വസ്ഥതയും ഉളവാക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിചാരത്തേക്കാള്‍ വികാരം സ്വാധീനം ചെലുത്തുന്നത് രാഷ്ട്രീയ അപക്വതയാണ്. സിനിമാ ലോകത്ത് ലഭിക്കുന്ന ജനപ്രീതി രാഷ്ട്രീയനേതൃത്വത്തിന് യോഗ്യതയാകണമെന്നില്ലെന്നും ബിഷപ്പ് പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.