കേരളത്തിന്റെ ആവശ്യത്തിന് അംഗീകാരം: മുല്ലപ്പെരിയാറില്‍ പുതിയ മേല്‍നോട്ട സമിതി; ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ അധ്യക്ഷന്‍

കേരളത്തിന്റെ ആവശ്യത്തിന് അംഗീകാരം: മുല്ലപ്പെരിയാറില്‍ പുതിയ മേല്‍നോട്ട സമിതി; ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്‍ അധ്യക്ഷന്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കേരളത്തിന് നേട്ടം. അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സുപ്രീം കോടതിയില്‍ കേരളം പലതവണ ആവശ്യപ്പെട്ട കാര്യമായിരുന്നു ഇത്.

സുരക്ഷാ കാര്യങ്ങളില്‍ നേരത്തെ തമിഴ്‌നാടിനായിരുന്നു മേല്‍ക്കൈ. ദേശീയ ഡാം സുരക്ഷ അതോറിറ്റി ചെയര്‍മാനാണ് സമിതിയുടെ പുതിയ അധ്യക്ഷന്‍. കേരളത്തിന്റെയും തമിഴ്‌നാടിന്റേയും പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് നേരത്തെ കേന്ദ്ര ജല കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡാം സുരക്ഷാ അതോറിറ്റിക്ക് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ കൈമാറിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

നിലവിലുണ്ടായിരുന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പിരിച്ചുവിടുകയും പുതിയ മേല്‍നോട്ട സമിതിക്ക് രൂപം കൊടുക്കുകയും ചെയ്തു. നേരത്തെ മേല്‍നോട്ട സമിതിയുടെ അധ്യക്ഷന്‍ ജല കമ്മിഷന്റെ ചെയര്‍മാന്‍ ആയിരുന്നു. ദേശീയ ഡാം സേഫ്റ്റി അതോറിറ്റിയുടെ ചെയര്‍മാനായിരിക്കും പുതിയ മേല്‍നോട്ട സമിതിയുടെ അധ്യക്ഷനെന്നും കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

മേല്‍നോട്ട സമിതിയില്‍ ഏഴ് അംഗങ്ങളുണ്ടായിരിക്കും. ഇതില്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാരും തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയര്‍മാനും കേരളത്തിന്റെ ഇറിഗേഷന്‍ വകുപ്പു ചെയര്‍മാനും അംഗമായിരിക്കും. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സെന്റര്‍ ഫോര്‍ എക്സലന്‍സിലെ ഒരു അംഗത്തിനെയും മേല്‍നോട്ട സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ്, 2021 ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിക്കപ്പെട്ട ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് ഇപ്പോള്‍ അണക്കെട്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈമാറിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.